
നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കഴിയുന്നതാണ് കടൽമീൻ ലിവ്ക്യവർ എക്‌സ്ട്രാക്റ്റ്
കൊച്ചി: ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ. നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കഴിയുന്നതാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിക്കുന്ന കടൽമീൻ ലിവ്ക്യവർ എക്‌സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നം. ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതും വിപണിയിലെത്തിക്കുന്നതും സ്വകാര്യ കമ്പനിയായ എമിനിയോടെക്കാണ്.
കടൽപായലിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ച് വികസിപ്പിച്ച ഉൽപന്നത്തിന്റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള അനുമതി പത്രം സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണനും എമിനിയോടെക് മാനേജിംഗ് ഡയറക്ടർ ഇവാൻജലിസ്റ്റ് പത്രോസും ഒപ്പുവെച്ചു. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമ്മർദ്ദം, തൈറോയിഡ് എന്നീ രോഗങ്ങൾക്കെതിരെയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി സിഎംഎഫ്ആർഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ സ്വകാര്യ കമ്പനികൾ വഴി വിപണിയിലെത്തിച്ചിട്ടുണ്ട്.












