10:49pm 30 September 2026
NEWS
വേമ്പനാട് ജൈവവൈവിധ്യം അടുത്തറിയാൻ അവസമരൊരുക്കി സിഎംഎഫ്ആർഐയുടെ കായൽ യാത്ര
29/09/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വേമ്പനാട് ജൈവവൈവിധ്യം അടുത്തറിയാൻ അവസമരൊരുക്കി സിഎംഎഫ്ആർഐയുടെ കായൽ യാത്ര
HIGHLIGHTS

കൊറുങ്കോട്ട ദ്വീപിലെ കണ്ടൽ ആവാസവ്യവസ്ഥ നോക്കിക്കാണുന്ന യാത്രസംഘം

കൊച്ചി: വേമ്പനാട് കായലിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും അടുത്തറിഞ്ഞ് കടമക്കുടിയിലേക്ക് നടത്തിയ ബോട്ട് യാത്ര വേറിട്ട അനുഭവമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തി വരുന്ന ഫിഷ് വോകിന്റെ ഭാഗമായായിരുന്നു യാത്ര. മെറൈൻ ഡ്രൈവിൽ നിന്ന് തുടങ്ങി 15-ഓളം ചെറുദ്വീപുകളെ ചുറ്റിയാണ് ബോട്ട് കടമക്കുടിയിലെത്തിയത്. വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, ടൂറിസം പ്രഫഷണലുകൾ, അധ്യാപകർ, ഗവേഷകർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

'സ്വച്ഛതാ ഹി സേവ' വാരത്തോടും ലോക വിനോദസഞ്ചാര ദിനത്തോടുമനുബന്ധിച്ച് ജി.ഡി.എം ട്രാവലുമായി സഹകരിച്ചായിരുന്നു പരിപാടി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്ജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സ്യമേഖലയെ നേരിട്ടറിഞ്ഞുള്ള യാത്രകളിലൂടെ ശാസ്ത്രവിജ്ഞാനം ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന സി.എം.എഫ്.ആർ.ഐയുടെ ജനകീയ ബോധവൽക്കരണ പരിപാടിയാണ് ഫിഷ് വോക്.

കൊറുങ്കോട്ട ചെറുദ്വീപിലെ നൂറ് വർഷത്തോളം പഴക്കമുള്ള കണ്ടൽമരങ്ങളും പിഴലയിലെ പൊക്കാളി പാടങ്ങളുമായിരുന്നു പ്രധാന ആകർഷണം.  കടലാക്രമണങ്ങളിൽ നിന്നും ജൈവപ്രതിരോധമായി തീരത്തെ സംരക്ഷിക്കുന്നതു മുതൽ കണ്ടലുകൾ വഹിക്കുന്ന പങ്ക് ശാസ്ത്രജ്ഞർ വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് തീരദേശ മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, മത്സ്യസമ്പത്ത്, കക്കവർഗങ്ങൾ, പരമ്പരാഗത ജീവനോപാധികൾ, കൂടുമത്സ്യകൃഷി, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. 

സ്വച്ഛത കാമ്പയിനിന്റെ ഭാഗമായി കായലോരങ്ങളിൽ കുന്ന് കൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ശേഖരിച്ച് പരിസരം ശുചിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ മീനുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നതിനെ കുറിച്ച് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ വിശദീകരിച്ചു. 

കടമക്കുടി പൊക്കാളി കൃഷിയിടത്തിൽ യാത്ര സംഘവുമായി ടോണി ചമ്മണി എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് എം എസ് ആന്റണി എന്നിവർ സംവദിച്ചു. 

കായൽ തണ്ണീർതട സംരക്ഷണം ഉറപ്പാക്കാൻ ജന പങ്കാളിത്തം അനിവാര്യമാണെന്നതിനാലാണ് ഇത്തരം ജനകീയ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സിഎംഎഫ്ആർഐ ഡയരക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img