കൊച്ചി: ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കും യുവഗവേഷകർക്കും സമുദ്രജൈവവൈവിധ്യത്തെക്കുറിച്ച് ശാസ്ത്രീയ അറിവുകൾ പകർന്ന് നൽകാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിൽ കടൽജൈവവിധ്യത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ശാസ്ത്രീയപാഠങ്ങൾ പുതുതലമുറയിലെത്തിക്കുകയാണ് ലക്ഷ്യം.
'നോ യുവർ മറൈൻബയോഡൈവേഴ്സിറ്റി ആന്റ് എൺവയൺമെന്റ് ' എന്ന പേരിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ഫെബ്രുവരി അഞ്ച് മുതൽ ഒമ്പത് വരെ സിഎംഎഫ്ആർഐയിൽ നടക്കും. സമുദ്ര ജൈവവൈവിധ്യം, ടാക്‌സോണമി, പാരിസ്ഥിതിക വെല്ലുവിളികൾ തുടങ്ങിയവയെ കുറിച്ച് ആഴത്തിലുള്ള ധാരണ നൽകും. കടൽ വിഭവങ്ങൾ വിലയിരുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശാസ്ത്രീയ കഴിവുകൾ സ്വന്തമാക്കുന്നതിനും പരിശീലനം നൽകും. പവിഴപ്പുറ്റുകളുടെ വൈവിധ്യം, സമുദ്ര സസ്തനി സംരക്ഷണം, കടൽ മത്സ്യത്തെ തിരിച്ചറിയൽ, കടലാമ സംരക്ഷണം, മാലിന്യനിർമാർജ്ജനരീതി എന്നിവയുൾപ്പെടെ നിരവധി മേഖലയിലെ ശാസ്ത്രപാഠങ്ങൾ പകർന്നുനൽകും.
സമുദ്രജൈവവിധ്യം ശാസ്ത്രീയമായി അടുത്തറിയാൻ സഹയകരമാകുന്ന ഈ പരിശീലനപരിപാടിക്ക് കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ഉൾപ്പെടെ വർധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിലെ ശാസ്ത്രീയ അറിവുകൾ 
ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സിഎംഎഫ്ആർഐയുടെ വെബ്‌സൈറ്റിൽ (www.cmfri.org.in) നൽകിയ ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവസാന തീയതി ജനുവരി 29. പരമാവധി 30 പേർക്ക് പങ്കെടുക്കാം. ഡോ. മിറിയം പോൾ ശ്രീറാമാണ് കോഴ്‌സ് കൺവീനർ. ഫോൺ- 8301048849












