
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌ക്കെതിരെ നൽകിയ വിവാഹമോചന ഹർജി പിൻവലിക്കാൻ ഭാര്യ സംഗീത സ്വർണലിംഗം തീരുമാനിച്ചതായി റിപ്പോർട്ട്. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ ഹാജരായ സംഗീത, വിവാഹമോചനം ഇനി മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമില്ലെന്ന് കോടതിയെ അറിയിച്ചു.
വെള്ളിയാഴ്ച പരിഗണിച്ച കേസിൽ വിജയ് നേരിട്ട് ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് അദ്ദേഹത്തിന് കോടതിയിൽ എത്താനാകാത്തതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സംഗീത ഹിയറിംഗിൽ പങ്കെടുത്തത്. ഇരുപക്ഷത്തിന്റെയും നിലപാടുകൾ രേഖപ്പെടുത്തിയ കോടതി അടുത്ത ഹിയറിംഗ് തീയതി നിശ്ചയിക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു.
27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനാണ് സംഗീത കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹമോചന ഹർജി നൽകിയത്. വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നു. 2021-ൽ ഒരു നടിയുമായുള്ള ബന്ധമാണ് കുടുംബജീവിതത്തിൽ വിള്ളൽ സൃഷ്ടിച്ചതെന്നും, ആ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും പിന്നീട് അത് തുടർന്നുവെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.
വിജയ് സാമൂഹികവും ഔദ്യോഗികവുമായ എല്ലാ വൃത്തങ്ങളിൽനിന്നും തന്നെ അകറ്റിനിർത്തിയെന്നും, മറുവശത്ത് ആ നടിക്കൊപ്പമുള്ള വിദേശയാത്രകളും പൊതുപരിപാടികളിലെ സാന്നിധ്യവും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ തനിക്കും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ മാനസിക ബുദ്ധിമുട്ടുണ്ടായെന്നും സംഗീത കോടതിയെ അറിയിച്ചിരുന്നു.
സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മുമ്പുണ്ടായിരുന്ന പല സൗകര്യങ്ങളും പിൻവലിക്കുകയും ചെയ്തതായും, സ്വന്തം സഞ്ചാരസ്വാതന്ത്ര്യത്തിന് പോലും നിയന്ത്രണങ്ങൾ നേരിട്ടതായും സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു. ഇതെല്ലാം തന്നെ ഗുരുതരമായ മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇടപെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ കുടുംബവീട്ടിലേക്ക് മടങ്ങിയെത്തുകയും, ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വിവാഹമോചന ഹർജി പിൻവലിക്കാനുള്ള സംഗീതയുടെ തീരുമാനം, ഇരുവരുടെയും ദാമ്പത്യബന്ധത്തിൽ അനുരഞ്ജനത്തിനുള്ള സാധ്യതകൾ ശക്തിപ്പെടുത്തുന്നതായാണ് വിലയിരുത്തപ്പെടുന്നത്.










