
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതിക്കെതിരെ മെൻസ് അസോസിയേഷൻ ഉയർത്തിയ പ്രതിഷേധത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മെൻസ് അസോസിയേഷന്റെ പ്രതിഷേധം “രസകരമാണ്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
“അവർ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. ഞാൻ പുരുഷവിരോധിയൊന്നുമല്ല,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടം കുടുംബത്തിനാണ് കൂടുതൽ ഗുണകരമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സ്ത്രീകളുടെ കൈയിൽ മിച്ചം വരുന്ന പണം വീട്ടിലെത്തും. പുരുഷന്മാരുടെ കാര്യത്തിൽ കുറച്ച് പേർ മാത്രമേ അത് വീട്ടിൽ കൊടുക്കൂ. ബാക്കി എവിടെപോകും, സർക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലർത്തി മുഖ്യമന്ത്രി പറഞ്ഞു.
പ്രിയദർശിനി പദ്ധതി ഒരു ക്ഷേമപദ്ധതി മാത്രമല്ലെന്നും സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാനും അവരുടെ സാമൂഹിക പങ്ക് കൂടുതൽ അംഗീകരിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുന്ന സന്ദേശം കൂടിയാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










