12:22pm 11 November 2026
NEWS
വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സമ്മർദം ചെലുത്താൻ ശ്രമം; ഫയലിൽ ഒപ്പിടാൻ തിടുക്കം കാട്ടില്ലെന്ന് മുഖ്യമന്ത്രി
11/11/2026  11:34 AM IST
nila
വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സമ്മർദം ചെലുത്താൻ ശ്രമം; ഫയലിൽ ഒപ്പിടാൻ തിടുക്കം കാട്ടില്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മുതൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും ദീർഘകാല പവർകട്ടും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി തന്റെ മേൽ സമ്മർദം ചെലുത്താൻ ശ്രമം നടന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയലിൽ ഉടൻ ഒപ്പിടാൻ നിർബന്ധിക്കുന്ന തരത്തിലായിരുന്നു നീക്കമെന്നും എന്നാൽ കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെ തീരുമാനമെടുക്കുന്നയാളല്ല താനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ജി. രാജമാണിക്യം കെഎസ്ഇബി ചെയർമാനായിരുന്ന കാലത്ത് നവംബർ മുതൽ ദീർഘകാല പവർകട്ട് ആവശ്യമായി വരുമെന്ന റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ചുമതലയേറ്റ സംഘം നടത്തിയ പരിശോധനയിൽ നിലവിൽ അത്തരമൊരു പ്രതിസന്ധിയില്ലെന്നാണ് അറിയിച്ചത്. ആദ്യ റിപ്പോർട്ടിൽ നവംബർ ഒന്നു മുതൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച ഫയലിൽ രണ്ട് നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. ഹിമാചലിൽനിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുക എന്നതായിരുന്നു ഒരു നിർദേശം. ജിഎൻഎയിൽനിന്ന് 8.63 രൂപ, 8.90 രൂപ നിരക്കുകളിൽ വൈദ്യുതി ലഭ്യമാക്കാമെന്നതായിരുന്നു രണ്ടാമത്തെ ഓപ്ഷൻ. ഹിമാചലിൽനിന്നുള്ള വൈദ്യുതി രാജസ്ഥാന് നൽകിയ കാര്യം പോലും ഫയലിൽ വ്യക്തമാക്കിയിരുന്നു. ഇരു നിർദേശങ്ങളും താരതമ്യം ചെയ്തപ്പോൾ ജിഎൻഎയിൽനിന്നുള്ള വൈദ്യുതിയാണ് കൂടുതൽ ലാഭകരമെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ ജിഎൻഎയുമായി ഇതുവരെ കരാറിലേർപ്പെട്ടിട്ടില്ല. നവംബർ, ഡിസംബർ മാസങ്ങളിൽ അധിക വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. അതിനുശേഷം ആവശ്യമായി വന്നേക്കാം. അതേസമയം, മാർച്ച് മുതൽ വൈദ്യുതി നൽകാമെന്ന് എൻടിപിസി അറിയിച്ചിട്ടുണ്ട്. യൂണിറ്റിന് 5.18 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാമെന്നാണ് അവരുടെ വാഗ്ദാനം. ഇതോടെ ഏപ്രിൽ, മേയ് മാസങ്ങളിൽ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന ഉറവിടത്തിൽനിന്ന് മാത്രമേ വാങ്ങുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബിയുടെ ആദ്യ സംഘം ദീർഘകാല വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പോർട്ട് നൽകിയപ്പോൾ പിന്നീട് വന്ന സംഘം നിലവിൽ അത്തരമൊരു ആവശ്യമില്ലെന്നാണ് അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഫയൽ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.

'ഇപ്പോൾത്തന്നെ തീരുമാനമെടുക്കണം, ഒപ്പിടണം എന്നാവശ്യപ്പെട്ട് ഫയൽ അയച്ചാൽ അതിന് വഴങ്ങി ഒപ്പിടുന്ന ആളല്ല ഞാൻ. ഫയൽ തടഞ്ഞുവെച്ചതല്ല, പഠിക്കുകയായിരുന്നു. നവംബർ ഒന്നു മുതൽ ദീർഘകാല പവർകട്ട് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി വലിയ പ്രതിസന്ധിയുടെ വാർത്തകൾ സൃഷ്ടിച്ച് എന്നെക്കൊണ്ട് ഫയലിൽ ഒപ്പിടീക്കാനുള്ള സമ്മർദശ്രമമാണ് നടന്നത്', മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ഇബിയുടെ ആദ്യ റിപ്പോർട്ടിൽ ഇത്തരമൊരു മുന്നറിയിപ്പ് വന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വൈദ്യുതി വാങ്ങൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പരസ്പരവിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും എന്നാൽ കാര്യത്തിന്റെ ഗൗരവം പോലും അദ്ദേഹത്തിന് മനസ്സിലായിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img