
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. രാവിലെ 11.15ന് പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും സതീശൻ കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്ന മുഖ്യമന്ത്രി അതിനുശേഷമാകും കേരളത്തിലേക്ക് മടങ്ങുക. കൂടിക്കാഴ്ചകളിൽ രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും കേന്ദ്രസഹായം ആവശ്യമായ പ്രധാന പദ്ധതികൾക്കും മുൻഗണന ലഭിക്കുമെന്നാണ് സൂചന. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ് സ്ഥാപനം, മെട്രോ വികസനം തുടങ്ങി സംസ്ഥാനത്തിന് നിർണായകമായ വിവിധ പദ്ധതികളിൽ കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന ലക്ഷ്യം.










