09:42pm 30 April 2026
NEWS
പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യ;
കെഎസ് സി എ ഭാരവാഹികളെ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

07/06/2025  11:17 AM IST
വിഷ്ണുമംഗലം കുമാർ
പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യ; കെഎസ് സി എ ഭാരവാഹികളെ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ബംഗളുരു: കെ എസ് സി എ (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ), ആർസിബി( റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ), ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎ എന്നിവയുടെ നിരുത്തരവാദപരമായ സമീപനമാണ്  ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കവാടത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേരുടെ ജീവനുകൾ പൊലിയാനും അമ്പതോളം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. 115,118,121 ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ ആറു വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസ്സിൽ ആർസിബി ഒന്നാംപ്രതിയും ഡി എൻ എ രണ്ടാംപ്രതിയും കെഎസ് സിഎ മൂന്നാംപ്രതിയുമാണ്. ആർ സി ബി വൈസ് പ്രസിഡന്റ് നിഖിൽ സൂസലെ, കെഎസ് സിഎ ട്രഷറർ ഇ എസ് ജയറാം ഉൾപ്പെടെ നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഖ്യാത ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ അടുത്ത സുഹൃത്താണ് നിഖിൽ സൂസലെ.നാലുപേരെയും കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ദൗർഭാഗ്യ സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും അതിനാൽ എഫ് ഐ ആർ റദ്ദാക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് കെ എസ് സി എ ഹൈക്കോടതിയെ സമീപിച്ചത്. വിധാനസൗധ അങ്കണത്തിലും സ്റ്റേഡിയത്തി ലുമായി രണ്ടിടത്താണ് മണിക്കൂറുകളുടെ ഇടവേളയിൽ വിജയാഹ്ലാദ പരിപാടി നടന്നത്. രണ്ടിന്റെയും ഇവന്റ് മാനേ ജ്‌മെന്റ് ചുമതല ഡിഎൻഎയ്ക്കായിരുന്നു. സ്റ്റേഡിയത്തിനകത്തെ കാര്യങ്ങൾക്കെ കെ എസ് സി എ യ്ക്ക് ഉത്തരവാദിത്തമുള്ളൂ, ടിക്കറ്റ് വിതരണവും ഗേറ്റ് നിയന്ത്രണവും  ആർ സി ബി ചുമതലപ്പെടുത്തിയ ഡി എൻ എയുടെ മേൽനോട്ടത്തിലാണ് നടന്നത്. അനിഷ്ടസംഭവം ഉണ്ടായതിൽ വേദനയുണ്ട്. എന്നാൽ അതിന്റെ ഉത്തരവാദി നിയമപ്രകാരം പ്രവർത്തിക്കുന്ന കെ എസ് സിഎ അല്ല. തെറ്റുകളൊന്നും ചെയ്തിട്ടില്ലാത്തതിനാൽ കെ എസ് സി എ ഭാരവാഹികളുടെ പേരിലുള്ള എഫ് ഐ ആർ റദ്ദാക്കണമെന്നാണ് അവർക്കുവേണ്ടി ഹാജരായ അശോക് ഹാരണഹള്ളി ആവശ്യപ്പെട്ടത്.എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് എസ്. ആർ കൃഷ്ണകുമാർ സ്റ്റേ നൽകുകയോ എഫ് ഐ ആർ റദ്ദാക്കുകയോ ചെയ്തില്ല. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഭാരവാഹികളെ അറസ്റ്റ് ചെയ്യരുതെന്ന നിർദ്ദേശമേ നൽകിയിട്ടുള്ളൂ. ഭാരവാഹികൾ കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത നടപടി റദ്ദാക്കണമെന്നുള്ള ആർ സി ബി വൈസ് പ്രസിഡന്റ് നിഖിൽ സൂസലെയുടെ ഹരജിയും ഈ ബെഞ്ചിലാണ് വന്നത്. പക്ഷെ കോടതി അത് പരിഗണന യ്‌ക്കെടുത്തില്ല. ദുരന്തമുണ്ടായതിന്റെ തലേ ദിവസം
പരിപാടി നടത്താൻ അനുമതി തേടി കെ എസ് സി എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുബേന്ദു ഘോഷ് കബ്ബൺ പാർക്ക് പോലീസിനെ സമീപിച്ചിരുന്നു.  ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ ഫോഴ്‌സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയാണുണ്ടായത്. എന്നാൽ ഉയർന്ന പോലീസ് ഓഫീസർമാരോ അധികാരപദവിയിലിരിക്കുന്ന പ്രമുഖരോ വാക്കാൻ അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമല്ല. ആഘോഷ പരിപാടിയുടെ നടത്തിപ്പുമായി സംഘാടകർ മുന്നോട്ടുപോവുക യാണുണ്ടായത്. അഹമ്മദാബാദിൽ മാച്ച് നടക്കുമ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം എം ജി റോഡ്, ചർച്ച് സ്ട്രീറ്റ്, യു ബി സിറ്റി എന്നിവിടങ്ങളിൽ ആഘോഷപരിപാടികൾ ഉണ്ടായിരുന്നു. ആർ സി ബി കപ്പ് നേടിയതോടെ ആവേശമിരട്ടിച്ച് ആഘോഷപരിപാടികൾ പുലർച്ചവരെ നീണ്ടു. കനത്ത പോലീസ് സംരക്ഷണയിലാണ് അന്നുരാത്രിയിലെ ആഘോഷപരിപാടികൾ നടന്നത്. സിദ്ധരാമയ്യ ഗവണ്മെന്റിൽ വൻ ആഘാതമാണ് ക്രിക്കറ്റ് ദുരന്തം ഉണ്ടാക്കിയിട്ടുള്ളത്. ദുരന്തമുണ്ടായതിന്റെ കാരണക്കാരൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണെന്ന് കേന്ദ്രമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ആർ അശോകും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗോവിന്ദരാജിനെ ഗവണ്മെന്റ് പുറത്താക്കി. ഇന്റലിജൻസിന്റ ചുമതല വഹിച്ചിരുന്ന എ ഡി ജിപി ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ, ഡി സിപി, എസിപി എന്നിവരെ ആദ്യം സസ്പെൻഡ്‌ ചെയ്തിരുന്നു. "പോലീസിനെ ബലിയാടാക്കി  കൈകഴുകാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പരിഹാസ്യമാണ്. കുറ്റം ചെയ്തത് പോലീസല്ല, ഗവണ്മെന്റാണ്. സംഭവത്തെ പറ്റി സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം " കുമാരസ്വാമിയും അശോകും ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img