
ബംഗളുരു: പാർട്ടിയിൽ അന്തർ സംഘർഷമുണ്ടെന്നും സെപ്റ്റംബർ കഴിഞ്ഞാൽ നേതൃമാറ്റമുണ്ടാകുമെന്നുമുള്ള സഹകരണമന്ത്രി കെ എൻ രാജണ്ണയുടെ അഭിപ്രായം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. "രാജണ്ണയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നോ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ കഥ മെനയുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല വരുന്നതിൽ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള അദ്ദേഹം ഇടയ്ക്കിടെ വരാറുണ്ട്" സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ പാർട്ടിയിൽ ഒന്നിലേറെ അധികാരകേന്ദ്രങ്ങളുള്ളത് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നുള്ള രാജണ്ണയുടെ പരാമർശത്തോട് സിദ്ധരാമയ്യ പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ അടിസ്ഥാന സൗകര്യ വികസനഫണ്ടിൽ നിന്നും എം എൽ എമാർക്ക് പ്രത്യേകവിഹിതം അനുവദിച്ചുകൊണ്ട് സിദ്ധരാമയ്യ ഉത്തരവിറക്കിയിട്ടുണ്ട്. വിമർശനമുന്നയിക്കുന്ന എം എൽ എമാരെ പ്രീതിപ്പെടുത്താനുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. "ഒന്നും സംഭവിക്കില്ലെന്നും അവശേഷിക്കുന്ന മൂന്നുവർഷം കൂടി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്നും അതിനിടയിൽ മുതിർന്ന കോൺഗ്രസ്സ് എം എൽ എ ബസവരാജ് റായറെഡ്ഢി പ്രഖ്യാപിച്ചു. "സിദ്ധരാമയ്യ മാസ്സ് ലീഡറാണ്. ഭൂരിപക്ഷം എം എൽ എ മാരും അദ്ദേഹത്തോടൊപ്പമാണ്. പിന്നെയെന്ത് നേതൃമാറ്റം?" സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ റായറെഡ്‌ഡി ചോദിച്ചു. "സെപ്റ്റംബർ വിപ്ലവ പരാമർശം അടിസ്ഥാനരഹിതമാണെന്ന് വ്യവസായമന്ത്രി എം ബി പാട്ടീലും അഭിപ്രായപ്പെട്ടു. "കോൺഗ്രസ്സിലിപ്പോൾ അത്തരം വിപ്ലവത്തിനൊന്നും സാധ്യതയില്ല. രാജണ്ണ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മറ്റുചില കാര്യങ്ങളാണ്. പക്ഷെ അതല്ല ചർച്ചയായതെന്ന് മാത്രം" മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യ പൂർവ്വാധികം കരുത്തോടെയും ഊർജ്ജസ്വലതയോടെയും ഭരണകാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ടെന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
Photo Courtesy - Google











