
കർണാടകം : മാവോയിസ്റ്റുകളുടെ കീഴടങ്ങൽ വൻസംഭവമാക്കി മാറ്റുകയായിരുന്നു കർണാടക ഗവണ്മെന്റ്. ചിക്കമംഗളൂരിൽ ജില്ലാഭരണ ആസ്ഥാനത്ത് എത്തിയ മാവോയിസ്റ്റുകളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗളുരുവിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മാവോയിസ്റ്റുകളെ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും ഉണ്ടായിരുന്നു. മുണ്ടഗാരു ലത ( ഉഡുപ്പി), സുന്ദരി (ബെൽത്തങ്ങാടി), വനജാക്ഷി (മുഡിഗെരെ), മാരപ്പ അരോട്ടി (റെയ്ച്ചർ), വസന്ത് (റാണിപേട്ട്, തമിഴ്നാട്), ജിഷ (വയനാട്, കേരളം) എന്നീ മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ആറുപേരെയും പ്രതിനിധീകരിച്ചുകൊണ്ട് മുണ്ടഗാരു ലത പ്രതീകാത്മകമായി മാവോയിസ്റ്റിന്റെ ഒലിവ് ഗ്രീൻ യുണിഫോം മുഖ്യമന്ത്രിയ്ക്ക് കൈമാറി. പകരം അദ്ദേഹത്തിൽ നിന്നും ഭരണഘടനയുടെ പകർപ്പ് സ്വീകരിച്ചു. അക്രമത്തിന്റെ പാത കൈവെടിയുകയാണെന്നും എന്നാൽ ചൂഷണത്തിന് വിധേയമാകുന്ന ജനവിഭാഗത്തിന് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും മാവോയിസ്റ്റുകൾ പ്രഖ്യാപിച്ചു. സായുധവിപ്ലവത്തിലൂടെ സാമൂഹ്യമാറ്റം സാധ്യമാകില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ സ്വമേധയാ കീഴടങ്ങുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. "കർണാടകം നക്സൽ മുക്തമായി. കീഴടങ്ങിയർ മുഖ്യധാരയുടെ ഭാഗമാകും. പോലീസിലെ നക്സൽ വിരുദ്ധ സ്‌കോഡ് പിരിച്ചുവിടുന്ന കാര്യം ആലോചനയിലുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കീഴടങ്ങുന്നതിന് മുമ്പ് ഇരുപത്തേഴ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം മാവോയിസ്റ്റുകൾ മുഖ്യമന്ത്രിയ്ക്ക് നൽകിയിരുന്നു. സാധ്യമായ കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പ് നൽകി. ഗവണ്മെന്റിന്റെ മാവോയിസ്റ്റ് പുനരധിവാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങൽ നടന്നത്. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ബൻജഗെരെ ജയപ്രകാശ്, മാധ്യമ പ്രവർത്തകൻ പാർവതീഷ് ബിളിദലെ എന്നിവരാണ് ഗവണ്മെന്റ് പ്രതിനിധികളായി കാട്ടിലെത്തി മാവോയിസ്റ്റുകളുമായി സംസാരിച്ചിരുന്നത്. കീഴടങ്ങിയവരിൽ എ, ബി വിഭാഗത്തിൽ പെട്ടവരുണ്ട്. എല്ലാവരുടെ പേരിലും നിരവധി കേസ്സുകളുണ്ട്. അവരെ ഇന്നുതന്നെ എൻ ഐ എ കോടതിൽ ഹാജരാക്കി കേസുകൾ പിൻവലിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കും. ഓരോ മാവോസ്റ്റുകൾക്കും പ്രാഥമിക സഹായധനമായി മൂന്നുലക്ഷം രൂപ വീതം നൽകും. ജോലി, താമസം തുടങ്ങിയ കാര്യങ്ങളിൽ തുടർന്ന് തീരുമാനമെടുക്കും. മാനന്തവാടി തലപ്പുഴ സ്വദേശിനിയായ ജിഷയുടെ പേരിൽ കേരളത്തിലും കർണാടകത്തിലുമായി പതിനെട്ട് കേസുകളുണ്ട്. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് അടിയന്തിരമായി ധനസഹായം ലഭ്യമാക്കണമെന്ന് കീഴടങ്ങും മുമ്പേ ഒരു വിഡിയോ സന്ദേശത്തിലൂടെ ജിഷ കേരള ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.











