
എറണാകുളം: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി ഇറങ്ങി പോയി. സിപിഐ മന്ത്രിമാരടക്കം പങ്കെടുത്ത യോഗത്തിൽ നിന്നാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഐഎസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
യോഗം ആരംഭിച്ച ഉടൻ മില്ലുടമകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. പിന്നാലെ നാളെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് അദ്ദേഹം സിപിഐ മന്ത്രിമാരെ അറിയിക്കുകയായിരുന്നു.
നാളത്തെ മന്ത്രിസഭാ യോഗത്തിനുശേഷമാണ് ഈ യോഗം നടക്കുക. പിഎം ശ്രീ പദ്ധതിയിൽ കേരളം ചേർന്നതിനെച്ചൊല്ലിയ തർക്കത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അന്തരീക്ഷമാണ് എറണാകുളം യോഗം മാറ്റിവയ്ക്കാനുള്ള പ്രധാന കാരണം എന്നാണു ലഭിക്കുന്ന സൂചന.











