07:30am 18 April 2026
NEWS
രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലം; ഇപ്പോൾ നുണ പറയാനും മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി
28/03/2026  11:43 AM IST
nila
രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലം; ഇപ്പോൾ നുണ പറയാനും മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി

പാലക്കാട്: രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോൾ നുണ പറയാനും മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  സഹകരണ വകുപ്പിൻറെ കോമൺ സോഫ്റ്റ്‍വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്‍ഡിപിഐമായി ഡീലുണ്ടെന്നമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ അഴിമതിയെന്ന നിലയിൽ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

സഹകരണ സംഘങ്ങൾക്ക് പൊതുവായ സോഫ്റ്റ്‍വെയർ നടപ്പാക്കാൻ 2021ൽ തന്നെ ടെണ്ടർ നടപടികൾ പൂർത്തിയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2024ൽ ഏകപക്ഷീയമായി ടിസിഎസ് പിന്മാറുകയായിരുന്നു. നടപടികളെല്ലാം സുതാര്യമായിട്ടാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ വികസനമടക്കം മറച്ചുപിടിക്കാൻ പച്ചനുണ പറയുകയാണ്. അതൊന്നും ജനങ്ങളെ ഏശില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവർ തീരുമാനം എടുക്കുക.ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച് അതിനകത്ത് എൽഡിഎഫിനെ കുടുക്കിയിടുകയാണ്.നാടിൻറെ വികസനത്തെക്കുറിച്ച് പറയുന്നത് അവർക്ക് പ്രയാസമുണ്ടാക്കും.അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഇപ്പോൾ പ്രയോഗിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

എൽഡിഎഫിന് എസ്‍ഡിപിഐയുമായി ഡീലുണ്ടെന്ന ചെന്നിത്തലയുടെ ആരോപണവും മുഖ്യമന്ത്രി തള്ളി. നുണ പറഞ്ഞിട്ട് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ചെന്നിത്തല ഉൾപ്പെടെയുള്ളവർ ശ്രമിക്കുകയാണ്. ഇത്തരം ഡീൽ പ്രചാരണങ്ങൾ ജനം തള്ളിക്കളയും. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മികച്ച സ്വീകാര്യതയാണുള്ളതെന്നും എൽഡിഎഫ് പാലക്കാട് മികച്ച വിജയം നേടുമെന്നും എന്താണ് ഡീൽ ആരോപണത്തിൻറെ അടിസ്ഥാനമെന്നും ഇത് തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img