05:11am 11 November 2026
NEWS

കേരളത്തിൽ ബിജെപിക്ക് മേൽക്കൈവന്നാൽ മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

24/08/2025  07:47 AM IST
nila
 കേരളത്തിൽ ബിജെപിക്ക് മേൽക്കൈവന്നാൽ മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 

കേരളത്തിൽ ബിജെപിക്ക് മേൽക്കൈവന്നാൽ നാം ഇത്രകാലം നേടിയെടുത്ത മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മറ്റിടങ്ങളിൽ കാണുന്ന വർഗീയസംഘർഷങ്ങൾ കേരളത്തിലില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിക്കുള്ള ഓരോ വോട്ടും കേരളത്തിന്റെ തകർച്ചയ്ക്കിടയാക്കുമെന്നും  കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടുമെന്ന് കൊച്ചിയിൽ കഴിഞ്ഞദിവസംനടന്ന ബിജെപി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ടു ബിജെപിക്ക് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. അമിത് ഷാ നടത്തിയ പ്രസംഗം ഒരു മുന്നറിയിപ്പായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങൾ കേരളത്തിൽ അവതരിപ്പിക്കാൻ അവർക്കാവുന്നില്ല. മറ്റിടങ്ങളിൽ കാണുന്ന വർഗീയസംഘർഷങ്ങൾ കേരളത്തിലില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും വിശ്വാസമനുസരിച്ച് ഏത് ആരാധനാലയത്തിലും പോകാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ബിജെപിക്ക് മേൽക്കൈവന്നാൽ ഈ കേരളത്തനിമയാണ് തകരുക -അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ഇന്ദിര അധ്യക്ഷയായി. കൊച്ചി മേയർ എം. അനിൽകുമാർ, മുൻമന്ത്രി എസ്. ശർമ, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സുദീപ് ദത്ത തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img