
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുന്നു. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിക്കും കേന്ദ്ര അംഗീകാരം നേടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ പരിശ്രമം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുന്നു എന്നാണ് സൂചന. ഇന്ന് കേന്ദ്ര റയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ച്ചയിൽ കെ റെയിൽ പദ്ധതിയും ചർച്ചയാകും എന്നാണ് റിപ്പോർട്ട്.
അശ്വിനി വൈഷ്‌ണവിൻ്റെ ഓഫീസിൽ ഇന്നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ച. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും. സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയുടെ വിശദാംശങ്ങളാകും മുഖ്യമന്ത്രി കേന്ദ്ര റയിൽവെ മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുക.
ഭൂമി ഏറ്റെടുക്കൽ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുൻഗണന നൽകിക്കൊണ്ടാണ് ശ്രീധരന്റെ ബദൽ നിർദ്ദേശം. അത് സംസ്ഥാനം ഔദ്യോഗിക നിർദ്ദേശമായി കേന്ദ്രത്തിനും റെയിൽവെ ബോർഡിനും സമർപ്പിച്ചിരുന്നു. കേന്ദ്രം അനുമതി നൽകിയാൽ ശ്രീധരനും ഡിഎംആർസിയുമായി ചേർന്ന് ഡിപിആറിൽ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം. ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയുമ്പോൾ പദ്ധതിയോടുള്ള എതിർപ്പും കുറയുമെന്നാണ് സംസ്ഥാനത്തിന്റെ കണക്ക് കൂട്ടൽ.











