
എൻസിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് മന്ത്രി എ കെ ശശീന്ദ്രൻ എൻസിപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ എൻസിപിക്കുള്ളിൽ പുതിയ പോർമുഖങ്ങൾ തുറക്കുകയാണ്.
മുഖ്യമന്ത്രിയും മുന്നണിയും കൈവിട്ടതോടെ തോമസ് കെ തോമസിനെതിരെ നിലപാട് കടുപ്പിക്കുകയാണ് മന്ത്രി എ കെ ശശീന്ദ്രൻ. പാർട്ടിക്ക് വേണ്ടി ചാക്കോ നൽകുന്ന നിയമന ശുപാർശകൾ അംഗീകരിക്കരുതെന്ന് ഇടത് മുന്നണി നേതൃത്വത്തോട് ശശീന്ദ്രൻ വിഭാഗം ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നൽകാനാണ് ശശീന്ദ്രന്റെ തീരുമാനം.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്കുളള ചാക്കോയുടെ നിയമനം തടയാനാണ് കത്ത്. പി.സി.ചാക്കോയെ നേരിട്ട് കണ്ട് നിലപാട് അറിയിക്കാനും എ.കെ ശശീന്ദ്രന്റെ തീരുമാനം. ടി.പി. പീതാംബരൻ മാസ്റ്ററും ഒന്നിച്ച് രണ്ട് ദിവസത്തിനകം ചാക്കോയെ കാണും. സ്വന്തം പക്ഷത്തുളളവരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.











