10:32pm 10 November 2026
NEWS

ഇന്ത്യയെന്ന വികാരത്തിന്റെ അടിത്തറ ജാതിമതാദി വേർതിരിവുകൾക്കെല്ലാം അതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയെന്ന് മുഖ്യമന്ത്രി

15/08/2025  10:58 AM IST
nila
 ഇന്ത്യയെന്ന വികാരത്തിന്റെ അടിത്തറ ജാതിമതാദി വേർതിരിവുകൾക്കെല്ലാം അതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയെന്ന് മുഖ്യമന്ത്രി

ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, നിരക്ഷരർ, ജാതിവിവേചനം, മതവിദ്വേഷം, തൊഴിലില്ലായ്മ എന്നിവയില്ലാത്ത ഒരു ഇന്ത്യ യാഥാർഥ്യമാക്കാൻ  പുനരർപ്പണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമതാദി വേർതിരിവുകൾക്കെല്ലാം അതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഇന്ത്യയെന്ന വികാരത്തിന്റെ അടിത്തറയെന്നനും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എട്ടാംപതിറ്റാണ്ടിലേക്ക് അടുക്കുമ്പോൾ  ശാസ്ത്ര സാങ്കേതിക രംഗത്തടക്കം പലമേഖലകളിൽ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ഇന്ത്യൻ സാമൂഹികയാഥാർഥ്യങ്ങളുടെ മറ്റു തലങ്ങളെക്കുറിച്ച് നാം വിസ്മരിച്ചുകൂടെന്നും പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെയൊക്കെ സ്വപ്‌നങ്ങളിൽ ഒരു ഇന്ത്യയുണ്ടായിരുന്നു. അവരുടെ സ്വപ്‌നം യാഥാർഥ്യമാക്കാൻ നമുക്കുകഴിഞ്ഞോയെന്ന ചോദ്യവും പിണറായി ഉയർത്തി.  മഹാത്മാ ഗാന്ധിയാണ് നമുക്ക് മാതൃക. ഉപരിതലത്തിലെ ആഘോഷങ്ങളിൽ മതിമയങ്ങിയാൽ ആന്തരിക തലത്തിലെ നീറ്റൽ അറിയാതെപോവുമെന്ന സന്ദേശമാണ് ഗാന്ധി ഉയർത്തിപ്പിടിച്ചത്. ഒരു ചെറിയ ഇടവേളയിലൊഴികെ ബാക്കി സമയങ്ങളിലെല്ലാം ജനാധിപത്യം നിലനിർത്താൻ നമുക്കു കഴിഞ്ഞു. നമ്മുടെ അയൽരാജ്യങ്ങളിലടക്കം ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാളഭരണത്തിലേക്ക് വഴുതിവീഴുന്നത് നാം കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് മതാധിപത്യ മുറവിളികൾ ഉയരുന്നതും കണ്ടു. ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തിൽ ഭരണഘടനാ നിർമാതാക്കൾ വെച്ച നിഷ്‌കർഷ ഭരണഘടനയിൽ പ്രതിഫലിച്ചുകാണാം. അതിനെ പരിരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനുനേരെ പുറമേനിന്ന് സാമ്രാജ്യത്വ ഭീഷണികൾ ഉയരുന്ന ഘട്ടത്തിൽത്തന്നെ ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാൻ പോരുന്ന വിപത്കരമായ ഭീഷണികൾ അകമേനിന്നും ഉയരുന്നുണ്ട്. വർഗീയ ശക്തികൾ ജാതിയും മതവും പറഞ്ഞ് ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിവരുന്നു. ഇതിനെയെല്ലാം ഒറ്റ മനസ്സോടെ ചെറുത്തുതോൽപ്പിക്കാൻ നമുക്കാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം എന്നീ മൂല്യങ്ങൾക്കായി നാം നമ്മെത്തന്നെ പുനരർപ്പിക്കണം. ഒരു വൈജ്ഞാനിക നൂതന സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ദൗത്യം നാം ഏറ്റെടുത്തിരിക്കുന്ന ഘട്ടമാണിത്. നവ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയിൽ പടുത്തുയർത്തപ്പെടുന്ന കേരളം വരും തലമുറകളുടെ ഭാവിഭാഗധേയം ഭദ്രമാക്കുന്നതിന് ആവിഷ്‌കരിച്ചിരിക്കുന്നതാണിത്. ജനങ്ങളുടെ വികസനവും നാടിന്റെ ക്ഷേമവും ഒരുപോലെ ശക്തിപ്പെടുത്തിയാണ് നാം മുൻപോട്ടുപോകുന്നത്. ഒരു വശത്ത് ദാരിദ്ര്യനിർമാർജനമടക്കമുള്ളവ, മറുവശത്ത് ഭാവികേരളം കെട്ടിപ്പടുക്കൽ. ഇവയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന പ്രതിജ്ഞ ചെയ്യേണ്ട സമയമാണിത്. കേരളമെന്ന് കേൾക്കുമ്പോൾ അന്തരംഗം അഭിമാനപൂരിതമാവുകയും ഇന്ത്യ എന്നു കേൾക്കുമ്പോൾ ജനതയുടെ ഐക്യം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്കായി നിലകൊള്ളുന്നു. ഇതാവട്ടെ ഈവർഷത്തെ സ്വാതന്ത്ര്യദിന പ്രതിജ്ഞയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്നു രാവിലെ ഒൻപത് മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് സായുധസേനാ വിഭാഗങ്ങൾ, മറ്റു വിഭാഗങ്ങൾ എന്നിവയുടെ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img