10:03am 11 November 2026
NEWS
ഭഗവത് ഗീതയും ചാന്ദോക്യോപനിഷത്തും ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
20/09/2025  11:28 AM IST
nila
 ഭഗവത് ഗീതയും ചാന്ദോക്യോപനിഷത്തും ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പമ്പ: ശബരിമലക്ക്  വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചതോടെയാണ് ആഗോള അയ്യപ്പസംഗമം ആരംഭിച്ചത്. 

ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു  ശബരി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. അത് നമുക്ക് ബാധകമല്ല. സുപ്രീം കോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗീതാ നിർവചനത്തിന് നിരക്കുന്ന വിധം ഭക്തിയുള്ളവരുടെ സംഗമമാണിതെന്ന് ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എല്ലാ ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമല. ചാന്ദോക്യോപനിഷത്തും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. 

ശബരിമലയുടെ സ്വീകാര്യത സാർവത്രികമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ഇത്ര കാലം നടത്താത്ത സംഗമം ഇപ്പോൾ നടത്തുന്നത് എന്നാണ് ചിലരുടെ ചോദ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാറുന്ന കാലത്തിന് അനുസരിച്ച് ഉയർന്നു ചിന്തിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഇത് നടത്തുന്നത് എന്നാണ് ഉത്തരം. ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ല. എന്നാൽ ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുമുണ്ട്. അതുകൊണ്ടാണ് തുച്ഛമായ വരുമാനമുള്ള ക്ഷേത്രങ്ങളിൽ അന്തിത്തിരി തെളിയുന്നത്. മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ 148 കോടിയോളം രൂപ സർക്കാർ ചെലവാക്കി കഴിഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു. 

 3500 പ്രതിനിധികളാണ് ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കുന്നത്. രജിസ്റ്റർചെയ്തവർക്ക് പാസ് മുഖേനയാണ് പ്രവേശനം നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img