08:11pm 23 April 2026
NEWS
കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ സമയമെന്ന് മുഖ്യമന്ത്രി
23/04/2026  06:31 PM IST
nila
കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ സമയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇത് സെൽഫ് ലോക്ക്ഡൗൺ സമയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പല ഭാ​ഗത്തും അന്തരീക്ഷ താപനില 40 ഡി​ഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.  പ്രത്യേകിച്ച് പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ പുറത്തുപോകുന്നത് ഒഴിവാക്കണം. ഈ സമയം ‘സെൽഫ് ലോക്ക്ഡൗൺ’ പോലെ കണ്ട് അനാവശ്യ യാത്രകളും പുറംപ്രവർത്തനങ്ങളും കുറയ്ക്കണമെന്നാണ് നിർദേശം. വീടുകളിലും ജോലി സ്ഥലങ്ങളിലും മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.

 പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഉയർന്ന ഈർപ്പനില കാരണം മറ്റ് ജില്ലകളിലും ചൂടിന്റെ തീവ്രത കൂടുതലായി അനുഭവപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.

ചൂട് കനക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഭീഷണിക്കും വരെ ഇടയാകാമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. അതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താഴെ പറയുന്ന കർശന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു 'സെൽഫ് ലോക്ക്ഡൗൺ' സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.

പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.

മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.

സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം.

ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.

പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img