07:35am 08 November 2026
NEWS
ലഹരി വ്യാപനം തടയാൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

16/03/2025  04:30 PM IST
nila
ലഹരി വ്യാപനം തടയാൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

കേരളത്തിലെ ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തി വർധിക്കുന്നു. ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോ​ഗം വിളിച്ചു. ഈ മാസം 24നാണ് മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രി യോ​ഗം നടത്തുന്നത്. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനൊപ്പം ഇനി  ആരംഭിക്കേണ്ട നടപടികളും യോഗത്തിൽ തീരുമാനിക്കും. സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച് ഗവർണ്ണർ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

 കോളേജ് ഹോസ്റ്റലിൽ നിന്നടക്കം വൻതോതിൽ കഞ്ചാവ് കണ്ടെടുത്ത സാ​ഹചര്യത്തിലാണ് സംസ്ഥാന സർക്കാരും ലഹരിവ്യാപനത്തിനെതിരെ നിലപാട് കടുപ്പിക്കുന്നത്. പൊലീസും എക്സൈസും ചേർന്നുള്ള സംയുക്ത പരിശോധനകൾക്കാണ് തീരുമാനിച്ചിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റ ബെയ്സ് തയ്യാറാക്കിയ ശേഷമാകും നടപടികളിലേക്ക് കടക്കുക. 

അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. എക്സൈസ് വകുപ്പിന് ആവശ്യമായ സൈബർ സഹായം പൊലീസ് നൽകും. ശിക്ഷാ കാലാവധി തീർന്ന ലഹരി കേസ് പ്രതികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് വിൽപ്പന ഏകോപിപ്പിക്കുന്നതായി വിവരമുള്ളതിനാൽ ഇത്തരക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം തന്നെ ഉണ്ടാക്കാനാണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും കൃത്യമായ ഇടവേളയിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്താനും ഇൻ്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും ധാരണയാക്കിയിട്ടുണ്ട്.   

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img