
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി കസേരക്കായി പോര് കടുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവമാക്കുകയാണ്. കർശനമായി വിലക്കിയിട്ടും കേരളത്തിലെ മുൻനിര നേതാക്കൾ തന്നെ ഇത്തരം ചരടുവലികൾ നടത്തുന്നതിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട് എന്നാണ് സൂചന.
2006ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായതു പോലെ ജനവികാരം തനിക്ക് അനുകൂലമാണ് എന്ന പ്രതീതി സൃഷ്ടിച്ച് മുഖ്യമന്ത്രി കസേര ഉറപ്പിക്കുക എന്ന തന്ത്രമാണ് വി ഡി സതീശൻ പയറ്റുന്നത്. കഴിഞ്ഞ രാത്രിയിൽ മൂവാറ്റുപുഴയിലും വിഡി സതീശനായി ഫ്ലക്സ് ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം വരുംദിവസങ്ങളിൽ സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാനാണ് സതീശൻ അനുകൂലികളുടെ നീക്കം. ഫലപ്രഖ്യാപനത്തോടെ സതീശനെ പിന്തുണച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും നടക്കും. ജനം സതീശനൊപ്പമൊന്ന വികാരം സൃഷ്ടിക്കുകയും അതുവഴി സതീശന് മുഖ്യമന്ത്രി കസേര ഉറപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ വിജയശില്പി, പടനായകൻ തുടങ്ങിയ ക്യാപ്ഷനോടെ സൈബറിടങ്ങളിലും വലിയ പ്രചാരണത്തിനാണ് സതീശൻ ക്യാമ്പ് തയ്യാറെടുക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ സി വേണുഗോപാൽ പക്ഷവും സജീവമായി രംഗത്തുണ്ട്. മാത്യു കുഴൽനാടൻ എംഎൽഎ ഡൽഹിയിലെത്തി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിന് പിന്തുണ നൽകുന്ന യുവ നേതൃനിരയിലെ പ്രമുഖനാണ് മാത്യു കുഴൽനാടൻ. കെ സി വേണുഗോപാലിൻറെ പേരിൽ അദ്ദേഹത്തിൻറെ അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ് പാലക്കാട്ടെ ക്ഷേത്രത്തിൽ തുലാഭാരത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.
മാത്യു കുഴൽനാടൻ ഒന്നരമണിക്കൂർ നേരം കെ സിയുമായി ഡൽഹിയിലെ അദ്ദേഹത്തിൻറെ വസതിയിൽ കൂടിക്കാഴ്ച നടത്തി. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിൻഗേറ്റിലൂടെ മടങ്ങുകയും ചെയ്തു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ കെ സി വേണുഗോപാലും തയ്യാറായില്ല.
മറ്റൊരാരാധകനായ യൂത്ത് കോൺഗ്രസ് തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ സി എം അനിൽ കുമാർ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ പാലക്കാട്ടെ കൈപ്പത്തി പ്രതിഷ്ഠയുള്ള ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്താമെന്ന് നേർന്നിരിക്കുകയാണ്. ഈ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് ഇന്ദിര ഗാന്ധി കോൺഗ്രസിൻറെ ഔദ്യോഗിക ചിഹ്നമായി കൈപ്പത്തി തെരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു.
രമേശ് ചെന്നിത്തലയും മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പാർട്ടിയിലെ പാരമ്പര്യം പറഞ്ഞാണ് ചെന്നിത്തല കളംപിടിക്കുന്നത്. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കാനും ചെന്നിത്തല ക്യാമ്പ് ശ്രമിക്കുന്നുണ്ട് എന്നാണ് സൂചന.
അതിനിടെ, യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി പദവിക്കായി കൊടിക്കുന്നിൽ സുരേഷ് എംപിയും അവകാശവാദം ഉയർത്തുമെന്ന് ഉറപ്പായി. കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേയെന്ന ചോദ്യത്തിന് നാലിന് മറുപടി പറയാമെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതികരണം. .കെപിസിസി അധ്യക്ഷ പദവിയായാലും, മുഖ്യമന്ത്രി സ്ഥാനമായാലും ദളിത് പ്രാതിനിധ്യം വേണ്ടേയെന്നും തനിക്ക് എന്താണ് അയോഗ്യതയെന്നും എപ്പോഴും ചോദിക്കുന്ന നേതാവാണ് കൊടിക്കുന്നിൽ.
സാധാരണ ഫലം വന്ന ശേഷം നടക്കാറായ ഇത്തരം നാടകീയ നീക്കങ്ങൾ സംസ്ഥാന കോൺഗ്രസിൽ ഇപ്പോഴെ സജീവമായതിൻറെ അമ്പരപ്പ് ഹൈക്കമാൻഡിനുണ്ട്. ഹൈക്കമാൻഡിൻറെ ഭാഗമായ കെ സി വേണുഗോപാലും ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലെ അതൃപ്തി നേതൃനിരയിലുണ്ട്. കൂടുതൽ പരിഹാസ്യമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി തന്നെ ഈ ചർച്ചകളും, അണിയറ നീക്കങ്ങളും വിലക്കിയിട്ടും, ഫലമില്ല.










