02:01am 03 April 2026
NEWS
സൈബർ ഫാഷിസം അരിച്ചുകയറുന്ന സുഷിരങ്ങളടയ്ക്കുക
14/03/2026  01:35 PM IST
ഡോ. ബി. അശോക്
സൈബർ ഫാഷിസം അരിച്ചുകയറുന്ന സുഷിരങ്ങളടയ്ക്കുക

ഞാനിതെഴുതുമ്പോൾ  പ്രശസ്ത സിനിമാതാരം മമ്മൂട്ടി ഒരു  രാഷ്ട്രീയപ്പാർട്ടിപ്രവർത്തകരുടെ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. കാരണം വായനക്കാർക്കറിയാം.  ഏതാണ്ടെല്ലാവരും അതിനാസ്പദമായ വയനാട്ടെ  ദുരിതബാധിതരുടെ ടൗൺഷിപ്പിൽ നടന്നത് കണ്ടിരിക്കും. മമ്മൂട്ടി ആരോടെങ്കിലും കയർത്തു എന്നു  ദൃശ്യങ്ങളിൽ കാണുന്നില്ല.   ഒഴിവാക്കേണ്ടത് ചിലത് ഒഴിവാക്കാൻ പാർട്ടി പ്രാദേശിക ഭാരവാഹിയോടു പറഞ്ഞു. അത്രതന്നെ. അനുഭാവിയും  മാധ്യമസ്ഥാപന മേധാവിയും  ആണെന്നത് എല്ലാം മറന്ന് ദ്രുതഗതിയിലുള്ള സൈബർ ലിഞ്ചിംഗ് ആരംഭിച്ചു. തീർത്തും  മാധ്യമവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയമാണ് ഇന്നു നമ്മുടേത്.  ജനങ്ങളുമായി ജൈവബന്ധം പുലർത്തി പ്രവർത്തിക്കുന്ന  ജൈവ രാഷ്ട്രീയത്തിനപ്പുറം  മാധ്യമ  സാമൂഹ്യ മാധ്യമാംഗീകാരവും ഇവർ അവതരിപ്പിക്കുന്ന വ്യക്തികളും പ്രമേയങ്ങളും നടത്തിക്കൊണ്ടു പോകുന്ന ഒരുവക 'സെക്കൻഡറി വിപണിയും' കക്ഷി രാഷ്ട്രീയത്തിനു തുറന്നിരിക്കുന്നു.   വ്യവസായത്തിനു പുറമേയുള്ള ഓഹരി വിപണിപോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സാധ്യതകൾ നിർണ്ണയിക്കുന്ന അംഗീകാരത്തിന്റെ  ഒരു രണ്ടാംതര മാർക്കറ്റ്  പൊതുജന സമ്പർക്ക വ്യവസായത്തിന്റെ ഉപോൽപ്പന്നമായി വളർന്നിരിക്കുന്നു.  നേരിട്ടു പ്രവർത്തിക്കുന്ന  രാഷ്ട്രീയംഗത്തെക്കാൾ  'സ്പിൻ' ഡോക്ടർമാരും ഡേറ്റാ അനലിസ്റ്റുകളും വിവരസങ്കേതിക  - മാർക്കറ്റിംഗ് പ്രഫഷണലുകളും മറ്റും അണിനിരക്കുന്ന  മാധ്യമവൽക്കരണ ടീമുകൾ  ഏതാണ്ടെല്ലാ രാഷ്ട്രീയ സംഘടനകൾക്കുമുണ്ട്.  

എന്നാൽ സിനിമാതാരങ്ങളുടെയും മറ്റും  പിന്താങ്ങൽ നേടൽ  മികച്ച രാഷ്ട്രീയ  മാതൃകയായി  തോന്നുന്നില്ല.  കോടിക്കണക്കിനാളുകൾ  പിന്തുടരുന്ന ഒരു സെലിബ്രിറ്റി  തെരഞ്ഞെടുപ്പിനു നിൽക്കുന്നയാളെ  പ്രത്യക്ഷമായോ പരോക്ഷമായോ  പിന്താങ്ങുന്നത് വലിയ അലയൊലി സൃഷ്ടിക്കുമെന്നുള്ള കണക്കുകൂട്ടലാണ് ഇതിനു പിന്നിലുള്ളത്. വൻതോതിൽ നൂറു കണക്കിനു കോടി ചെലവിടുന്ന  ഒരു പൊതുജനസമ്പർക്ക വ്യവസായ ഉൽപ്പന്നവും ഏച്ചുകെട്ടിയാൽ  ഭരണകൂടത്തിലുള്ള രാഷ്ട്രീയ സംഘടനയ്ക്ക് വലിയ മുൻതൂക്കം തെരഞ്ഞെടുപ്പിലും ലഭിക്കും എന്നും ചിലർ കരുതുന്നു. എന്നാൽ തെരഞ്ഞടുപ്പിൽ രാഷ്ട്രീയത്തിലെ ആഴത്തിലുള്ള ഗവേഷണങ്ങൾ ഈ കാഴ്ചപ്പാടിനെ പിന്താങ്ങുന്നില്ല.   ലോകമാകമാനം 8% ത്തിൽ കൂടുതൽ നേട്ടങ്ങൾ ക്യാംപയിനുകളെ അടിസ്ഥാനപ്പെടുത്തി വോട്ടർമാർ തീരുമാനിക്കുന്നതായി കാണുന്നില്ല.  എന്നാൽ സാമൂഹ്യ മാധ്യമ ഇടപെടൽ ശക്തമായതോടെ ചിലപ്പോഴിത് 10-12% സ്വാധീനമായി വർദ്ധിച്ചിരിക്കാനും സാധ്യതയുണ്ട്.  കേരളത്തിലെപ്പോലെ 40% ത്തോളം അടിസ്ഥാനവോട്ടുകളുള്ള രണ്ടു മുന്നണികൾ 20%ത്തോളം വോട്ടു രേഖപ്പെടുത്തുന്ന മൂന്നാം മുന്നണിയോടൊപ്പം മത്സരിക്കുമ്പോൾ ഇത് വലിയ  സ്വാധീനമാകാവുന്ന ഒരു ശതമാനത്തോതാണ്.

ഈ സാഹചര്യത്തിൽ വേണം  തെരഞ്ഞെടുപ്പിനു  മുൻപായി സംഭവിക്കുന്ന   വാർത്താവിനിമയത്തിലെ ഈ അപഭ്രംശങ്ങൾ മുന്നോട്ടു വരുന്നത്.  സിനിമാരംഗത്തെപ്പോലും അടുത്ത അനുഭാവിയെ സൈബർ ലിഞ്ചിംഗിനും രണ്ടു കരിങ്കൊടിക്കാരായ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരെ നേരിടുന്നതിലോ പൊതുപ്രകടനം നടത്തുന്ന സംസ്ഥാനതല നേതാക്കളുയർത്തുന്ന ചിന്താശൂന്യമായ മുദ്രാവാക്യങ്ങൾ ശ്രവിച്ചാലും രാഷ്ട്രീയത്തിലെ  ഈ  വിടവുകളിലുടെ അരിച്ചെത്തുന്ന സൈബർ ഫാഷിസ്റ്റ് പ്രവണതയാണ് വ്യക്തമാവുന്നത്.  ഒരർത്ഥത്തിൽ എം.ടി വാസുദേവൻനായർ നൽകിയ മുന്നറിയിപ്പും സച്ചിദാനന്ദൻമാഷ് വളച്ചുകെട്ടില്ലാതെ പറഞ്ഞതും  തുടർച്ചയായ ഭരണാനുഭവം  വ്യക്തികളിലും കക്ഷികളിലും വരുത്തുന്ന ഈ ഫാഷിസ്റ്റ് മനോഭാവമാണ്. ഈ ഫാഷിസ്റ്റ് മനസൃഷ്ടി വോട്ടർമാർ ഏറ്റവും പ്രധാനമായി ചെറുത്താലേ ഒരു ജനാധിപത്യ സംസ്‌കാരം  സംസ്ഥാനത്ത് വേരുറപ്പിക്കൂ. ഈ  വേരറുത്തുകൊണ്ട് അതിവേഗത്തിലോടുന്ന തീവണ്ടിയോ വിമാനത്താവളമോ കാംക്ഷിക്കുന്നതിലർത്ഥമില്ല. വികസനം എല്ലാവർക്കും  ലഭ്യമാക്കാൻ സുതാര്യമായ ജനാധിപത്യം അഭംഗുരം പുലർന്നേ മതിയാവൂ. അവിടെയാണ് വോട്ടർമാർ ജാഗ്രവത്തായി  നമ്മുടെ  ജനാധിപത്യത്തിന്റെ വേരുകൾ സംരക്ഷിക്കേണ്ടത്. വികസനം  വേഗതയിലും അല്ലാതെയും ഒക്കെ എത്തിച്ചേരും. ജനാധിപത്യവും സുതാര്യതയും ഒരിക്കലസ്തമിച്ചു പോയൽ അതിലും നശീകരണാത്കമായ മറ്റൊരു വേരിയന്റാവും പിന്നീട് കടന്നു വരുന്നത്.

വിമർശനാതീതമാകുക, വിമർശനാതീനതനാകുക  എന്നതാണ് ഈ പകർന്നാട്ടത്തിലെ ഏറ്റവും അപകടകരമായ വശം.   പൊതു വിമർശനമോ പ്രത്യേക  വിമർശനമോ കേൾക്കാൻ ഒരുവക മനസ്സില്ലായ്മ, ചെറിയ വിമർശനങ്ങളെ അഥവാ പ്രതിപക്ഷത്തെപ്പോലും  കടുത്ത നടപടികളിലൂടെയും നേരിടാനും തിരിച്ചടിക്കാനുമുള്ള പ്രവണതയും കാണാം. അനുഭാവി എഴുതുന്നതായ  ഒരു സർക്കാരിന്റെ പദ്ധതിയെ  വിമർശിക്കുന്ന കവിത പോലും സൈബർ ലിഞ്ചിംഗിനിരയാവുന്നു. എം.ടി പക്ഷേ കടന്നാക്രമിക്കപ്പെട്ടില്ല. എന്നാൽ സച്ചിദാനന്ദന്റെ  അഭിപ്രായ പ്രകടനത്തെപ്പറ്റിയുള്ള അനുഭവം മോശമായിരുന്നു. തുടർഭരണം  സംസ്ഥാനത്തിനു നല്ലതല്ല എന്നു അദ്ദേഹം പറഞ്ഞത് ചില അണികളുടെ  രൂക്ഷമായ ആക്രമണത്തിനിരയായി.  അദ്ദേഹത്തോട് അധികാര കേന്ദ്രങ്ങൾ സംസാരിച്ചു എന്നും  തുടർന്ന് ചർച്ച അദ്ദേഹം  അവസാനിപ്പിച്ചു എന്നും മനസ്സിലാക്കാം.

ഇങ്ങനെയുള്ള  ആത്യാരാധന മാത്രം ശ്രവിക്കുന്നതും എന്തെങ്കിലും ഇഷ്ടമായില്ലെങ്കിൽ - അനിഷ്ടകരമായതു എത്ര  ചെറുതാണെങ്കിലും - കടുത്ത അധിക്ഷേപത്താൽ അനിഷ്ടങ്ങളുണ്ടാക്കിയ വ്യക്തിയെ   മൂടുകയും ചെയ്യുക ഇക്കാലത്തെ ഒരു പ്രവണതാണ്. ആരാധന സ്വാഗതം; അനിഷ്ടം കാട്ടിയാൽ തിരിച്ച് അധിക്ഷേപിക്കും എന്നത് നല്ല ഒരു പാരസ്പര്യമുള്ള ജനായത്ത നയമല്ല.
ഒരിക്കൽ സെക്രട്ടറിയേറ്റിനടുത്തു നിന്നുള്ള അസോസിയേഷൻ  ഹാളിൽ നിന്നും ഉയർന്നു കേട്ട വാഴ്ത്തു പാട്ട് ഓർത്താൽ  ജനാധിപത്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഘോരാസ്ഥയിൽ നിന്നും  ജനാധിപത്യത്തിലേക്ക് കേരളത്തെ രക്ഷിക്കുക എന്നതാണ് വോട്ടറുടെ  ചൂണ്ടുവിരലിനു ഒളിച്ചിരിക്കുന്ന ഏറ്റവും പ്രധാന ധർമ്മം എന്നു തോന്നിപ്പോകുന്നു.  

അന്യരാജ്യത്തിന്റെ കടന്നാക്രമണത്തിൽ ഒരു രാജ്യാധിപൻ കൊല്ലപ്പെടുന്നത്  സാധാരണഗതിയിൽ അപലപനീയമാണ്.  നമ്മൾ മനസ്സിലാക്കുന്ന രാജ്യങ്ങളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള  കടന്നു കയറ്റം തന്നെയാണ് പ്രസ്തുത ആക്രമണം.  എന്നാൽ  അത്തരം ഒരു അപലപിക്കൽ ഇറാന്റെ കാര്യത്തിൽ സുസാധ്യമാകത്തത് 39 വർഷത്തോളം ഒരു രാജ്യത്തിന്റെ ജനതയെ നയിക്കാൻ ലഭിച്ച അവസരം ആ ഭരണകൂടം എങ്ങനെ വിനിയോഗിച്ചു; ജനങ്ങളുടെ  സ്വാതന്ത്ര്യവും വളർച്ചയും ഉറപ്പാക്കിയോ; ജനങ്ങൾ ഭരണത്തിൽ തൃപ്തരാണോ, പ്രതിപക്ഷ സ്വരങ്ങളെ ഭരണകൂടം  കണ്ടതെങ്ങനെ എന്നെല്ലാം കൂടി നമ്മൾ ചിന്തിക്കുമ്പോഴാണ് പ്രശ്‌നം സങ്കീർണ്ണമാവുന്നത്. രാജ്യത്തെ  'വ്യവസ്ഥയിൽ' തനതു നിയമങ്ങളായാലും സാമ്പത്തിക ശൈലിയായാലും മാറ്റങ്ങൾ ആവശ്യപ്പെട്ടവർക്കെല്ലാം മർദ്ദനം, വധം അല്ലെങ്കിൽ ജയിൽ ആയിരുന്നു എകാധിപതിയുടെ  വിധി. കൂടുതൽ അഭിപ്രായ പ്രകടന സ്വതന്ത്ര്യവും വസ്ത്രധാരണ- തൊഴിലിട സ്വാതന്ത്യവും  കൂടുതൽ  കൂലിയും ആവശ്യപ്പെട്ടവരെയെല്ലാം ഭരണകൂടം ഒന്നുകിൽ  വകവരുത്തി, അല്ലായ്കയിൽ  കാരാഗൃഹവാസത്തിലാക്കി. ഒരു  ന്യൂനപക്ഷം എങ്ങനെയോ  രാജ്യാതിർത്തികൾ ഭേദിച്ച് പാശ്ചാത്യലോകത്തെത്തി രക്ഷ പ്രാപിച്ചു. ഇപ്പോൾ ആ സേച്ഛാധിപതിയുടെ പതനം ലോക നഗരങ്ങളിലെല്ലാം ആഘോഷിക്കുന്നത് അവരാണ്.  അഭിപ്രായ സ്വാതന്ത്ര്യമുള്ള  ലോകത്തു നിന്നുള്ള കാഴ്ചയിലേ നാട്ടിലെ അസ്വാതന്ത്ര്യങ്ങൾ അവർക്കു ബോധ്യപ്പെടൂ. 

1950 ലെ ഭരണഘടന തരുന്ന സുരക്ഷിതത്വം ആര് എത്ര കണ്ട്  സ്വാധീനം വർദ്ധിപ്പിച്ചാലും  ഇന്ത്യയിൽ ഒരു മതാധിഷ്ഠിത ഏകാധിപതി അഥവാ സേഛാധിപതിയെ അധികാരത്തിൽ വരുന്നതു തടഞ്ഞിരിക്കുന്നു.  എത്ര  കരുത്താർജ്ജിച്ച ഒരു ഭരണകൂടത്തെയും മാറ്റി സ്ഥാപിക്കുന്നതിനുതകുന്ന സുതാര്യമുള്ള തെരഞ്ഞെടുപ്പു പ്രക്രിയകൾ ഭരണഘടനാ സ്ഥാനങ്ങൾ നമുക്കുറപ്പു നൽകുന്നു.  സ്വതന്ത്ര ജുഡീഷ്യറിയും സാധാരണ രാഷ്ട്രീയ  - മതകാര്യങ്ങളിൽ തീരെ ഇടപെടാത്ത  സൈന്യവും സൈന്യത്തിന് സാധാരണഗതിയിൽ സംസ്ഥാനങ്ങൾ കൈകാര്യ ചെയ്യുന്ന ക്രമസമാധാന വിഷയങ്ങളിൽ പങ്കില്ലാത്തതും ഇന്ത്യയെ ഒരു ഏകാധിപതിയിൽ നിന്നും എപ്പോഴും കുറെയധികം അകലത്തു തന്നെയാണ് നിലനിറുത്തിയിരിക്കുന്നത്.

നമ്മുടെ കൊച്ചു കേരളമാകട്ടെ എക്കാലവും പ്രതിപക്ഷ ബഹമാനത്തിലൂന്നിയ  ജനാധിപത്യശൈലി തന്നെയാണ് ഭരണക്രമത്തിലും  തെരഞ്ഞെടുപ്പിലൂടെയുള്ള സമാധാനപരമായ ഭരണമാറ്റത്തിലും പിൻതുടർന്നിട്ടുള്ളത്.  വെറും  ഒരു  എൻ.സി.സി കേഡറ്റ്  നിലയുറപ്പിച്ചാലും  ഉയർന്ന ജനാധിപത്യ  പ്രതിപക്ഷ  ബഹുമാനശൈലിയുള്ള കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ മിക്ക ബൂത്തുകളിലും സമാധാനപരമായി  നടക്കും.  വ്യാപകമായ പരാതികൾ കയ്യൂക്കിനെ സംബന്ധിച്ച് 10% പ്രദേശങ്ങളിൽ നിന്നു പോലും കേരളത്തിൽ വരുന്നില്ല. പരാതികളുള്ളിടത്ത് കേന്ദ്ര സേനയെയും മറ്റും  വിന്യസിക്കാറുണ്ടെങ്കിലും  ഇത്ര കണ്ട് സമാധാനപരമായി വോട്ടവകാശം വിനിയോഗിക്കുന്ന   ഇടങ്ങൾ ഇന്ത്യയിൽ തന്നെ അപൂർവ്വമാണ് എന്നാണ്  ഈ  രംഗത്തു പരിചയമുള്ളവർ പറയാറ്.  തെരഞ്ഞെടുപ്പിനനുബന്ധിച്ച്  അക്രമ പ്രവർത്തനങ്ങൾ തീരെ കുറവാണ് കേരളത്തിൽ. 

എന്നാൽ സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും ആവർത്തിച്ചു കണ്ട ചിലത് നമ്മുടെ ആത്മ വിശ്വാസത്തിന് അൽപ്പം ഇളക്കം തട്ടിക്കുന്ന വാർത്തകളാണ് എന്നു കാണാതെ വയ്യ. ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നു സമാധാനിക്കാമെങ്കിലും ഈ സംഭവ  പരമ്പരയ്ക്ക് ചില പരസ്പര ബന്ധങ്ങളുണ്ട്. അടിസ്ഥാനപരമായി നിയമവാഴ്ചയുടെ കടയ്ക്കൽ കത്തിവെക്കുന്നതും സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ചില പൊതുയിടങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് നമ്മുടെ പ്രശ്‌നം. 

ഡ്യൂട്ടിയിൽ താൻ ചെയ്തത് എന്തായാലും കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളിൽ പോയ ഒരു  ആംമ്ഡ് പോലീസ് സി.പി.ഒ കടന്നാക്രമിക്കപ്പെടുന്നതും ഭീഷണിപ്പെടുത്തപ്പെടുന്നതുമായ ദൃശ്യങ്ങൾ നമുക്കത്ര പതിവുള്ള കാഴ്ചയല്ല. തിരച്ചറിവോടെയും എനിക്കൊരു ചുക്കും സംഭവിക്കില്ല എന്ന ഒരുതരം ധാർഷ്ട്യവുമാണ് മറ്റൊരു എസ്.ഐ യെ  ജീപ്പിലിരുത്തി വളഞ്ഞുവച്ച്  അസഭ്യം വർഷിച്ചതിൽ കണ്ടത്.   അത്യന്തം സംയമനത്തോടെ പോലീസ് വണ്ടിയിൽ  തുടരുന്നതും കണ്ടു. ഇതിനു മുൻപും പോലീസ്  ജീപ്പൊക്കെ തടുത്തു നടത്തുന്ന ഇത്തരം ഗുണ്ടാപ്രയോഗം കാഴ്ചയിൽ തന്നെ പൗരന്റെ നിയമവാഴ്ചയിലെ വിശ്വാസം  വല്ലാതെ ഉലയ്ക്കുന്നതാണ്.  പോലീസിന്റെ മനോവീര്യം സംരക്ഷിക്കുമാറ് പോലീസ്  മേധവികളൊക്കെ പിന്നീടിതിൽ  ഇടപെട്ടു.  നല്ലത്. പക്ഷേ ഇത്തരം ഒരു പ്രവണത  നിശ്ചയമായും  ഒരു  സമാധാന പൂർണ്ണമായ സംസ്ഥാനത്ത് ഒരു ദു:സൂചന തന്നെയാണ്.

ഔദ്യോഗികമായി സ്റ്റേറ്റിനെ എതിർത്തുകൊണ്ട് അതിനുള്ളിൽ വളരുന്ന ക്രിമിനൽ സ്വഭാവമുള്ള  മറ്റെന്തിനോ ഈ പ്രവണത വെളിപ്പെടുത്തുന്നു.   മുസ്സോളിനിയുടെയും ഹിറ്റ്‌ലറിന്റെയും ഇപ്പോഴുള്ള പ്രകട ഏകാധിപത്യങ്ങളിലുമെല്ലാം നിയമവാഴ്ചയുടെ  ഭരണാധിപരാൽ തന്നെയുള്ള ദുർബലീകരണവും ഭാഗികമായ നടപ്പാക്കലും ഒരു വലിയ ഘടകമാണ്. ഇത്തരം വിദേശ രാജ്യങ്ങളിൽ നീതിന്യായ വ്യവസ്ഥയുണ്ടോ എന്നു  ചോദിച്ചാൽ പേരിന് ഉണ്ടാകും.  എന്നാൽ  ഉഗ്രശാസകനായ ഒരു ഭരണാധിപനിൽ നിന്നു ലഭിക്കുന്ന  സിഗ്‌നലുകൾക്കനുസരിച്ചേ ഈ വ്യവസ്ഥകൾ പ്രവർത്തിക്കൂ.  ഭരണകൂടയുക്തിയ്ക്കും ലക്ഷ്യത്തിനുമൊപ്പം പ്രവർത്തിക്കുന്ന ഒരു വക കമ്മിറ്റഡ്  ബ്യൂറോക്രസിയായി പോലീസും നീതിന്യായ വ്യവസ്ഥയുമൊക്കെ പ്രവർത്തിക്കുന്നിടത്താണ്  പ്രായേണ മൃദു ഏകാധിപത്യങ്ങളായ സിംഗപ്പൂരിലും മലേഷ്യയിലുമെല്ലാം തന്നെ വികസനം പൂത്തുലയുന്നത്.  

ഇതിനിടെ ഒരു ജനാധിപത്യ സമരവും അക്രമമായി അപലപിപ്പിക്കപ്പെടുന്നതു കണ്ടു. കരിങ്കൊടികാട്ടുന്ന ഒറ്റപ്പെട്ടുപോയ ചില വിദ്യാർത്ഥികളൊക്കെ നമ്മുടെ കലാലയ യുവജന ചെറുകിട കലാപങ്ങളുടെ സ്വീകരിക്കപ്പെട്ട  ചിഹ്നങ്ങളായിരുന്നു. നമ്മളൊക്കെ കരിങ്കൊടി കാട്ടുകയും കാട്ടപ്പെടുകയും ചെയ്തിട്ടുണ്ട്.  എന്നാൽ കരിങ്കൊടി കാട്ടിയതിനെ ഒരുവക തീവ്രവാദി ആക്രമണമെന്ന്  ചിത്രീകരിക്കപ്പെടുന്നതും   അത് വിശ്വാസനീയമാണെങ്കിലും അപ്രകാരം പരിശ്രമിക്കപ്പെട്ടതും അരിച്ചു കയറുന്ന ഫാസിസ്റ്റ്  ശൈലിയുടെ സൂചനയാണ്. നമ്മൾക്ക് എതിരായ നടപടി, അഭിപ്രായ പ്രകടനം എന്നിവയെ ഏതുവിധത്തിലും എതിരിടും,  എന്നാൽ നമുക്കു നേർക്കുള്ള നേരിയ പ്രതിഷേധം പോലും അടിച്ചമർത്തും എന്നിടത്താണ് ഫാസിസ്റ്റ് കാര്യ പരിപാടിയുടെ ഉദ്ഘാടനം പലനാടുകളിലും നടത്തിയിട്ടുള്ളത്. അന്യന്റെ ശബ്ദം  സംഗീതമാവുന്നതിനുപകരം  കഴുത്തു ഞെരിക്കേണ്ട  അരോചകത്വമായി മാറുന്ന  വിപരീതാവസ്ഥയാണിത്.  

ഈ വഴിയിൽ കുറെകൂടി സഞ്ചരിച്ചാൽ ബ്രീട്ടീഷുകാരോട്  നമ്മൾ സമരം ചെയ്തു നേടിയ സ്വാതന്ത്ര്യങ്ങൾ പാഴാവുമെന്നത് നിസ്തർക്കമാണ്.
ജനകീയ സമരങ്ങളിലും മറ്റും കരിങ്കൊടി, വീട്ടിലേയ്ക്കുള്ള പ്രകടനം ഇതൊക്കെ പരസ്പരം ആലോചിച്ച് സമൂഹത്തിൽ നിന്നും ഒഴിവാക്കാനുള്ള  സമയമായി.   പ്രാകൃതമായ  ഇത്തരം പ്രക്ഷോഭങ്ങൾക്കു പകരം എല്ലാവർക്കും സ്വീകാര്യമായ ഒരു ഭാഷയും പ്രതിഷേധ പ്രവർത്തിയിലെ ചാരുതയും നമ്മുടെ പ്രക്ഷോഭങ്ങൾക്ക് കൈവരേണ്ടിയിരിക്കുന്നു.

പ്രതിഷേധത്തെ പ്രതിഷേധം കൊണ്ടു നേരിട്ട കൊല്ലത്തെ  ചിലരും ചിന്തോദ്ദീപകമായ ഒരു വക സർഗ്ഗാത്മകതയാണ്  പ്രദർശിപ്പിച്ചത്.   എതിരഭിപ്രായമുള്ളവരെല്ലാം മാതാവിന്റെ ജന്തുസ്‌നേഹത്തിന്റെ  ജനുസ്സുകളാണെന്നോ മറ്റോ ആണ്  അവരുടെ അഭിപ്രായം.   വികാരത്തള്ളിച്ചയാലെ പറഞ്ഞുപോയതാണെന്ന വിശദീകരണവും പിന്നീട് കേട്ടു.  

ഇങ്ങനെയുണ്ടോ ഒരു വികാരം.  എതിരഭിപ്രായം, പ്രതിഷേധം കാട്ടുന്നവരെല്ലാം ജന്തുജന്യരാണെങ്കിൽ അഥവാ മനുഷ്യനല്ല എന്ന വിവക്ഷയിൽ  നിന്നാണ് തിരിച്ചു പോക്കില്ലാത്ത ഏകാധിപത്യവും വിപരീതങ്ങളുടെ അന്യവൽക്കരണവും  ഉച്ചാടനവും  ''ഓഷ്വിറ്റ്‌സ്'' ഒക്കെ ഉണ്ടായി വന്നത്.  
പൊതുപ്രവർത്തനം കൂടുതൽ  സർഗ്ഗാത്മകമാകണം. കൂക്കുവിളി, വെറുപ്പിക്കൽ, ഉന്തുംതള്ളും. വിരട്ട് ഇതൊന്നുമല്ല പൊതു പ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കുന്നത്. മുതിർന്നവർ വിലക്കി ഈ ഫാസിസ്റ്റ് ശീലുകൾ നിർമ്മാർജ്ജനം ചെയ്ത് നമ്മുടെ  ജനാധിപത്യ മര്യാദകൾ  തീർത്തും  കൈമോശം വരാതെ  നാടിനെ  നിലനിറുത്തേണ്ടത് പൗരന്മാരുടെ കടമയാണ്. ഇത്തരം പ്രവർത്തികളെ ബലപ്പെടുത്തുന്നവരെ  ദുർബലപ്പെടുത്തേണ്ടതും അവർ തിരുത്തപ്പെടേണ്ടതും ഈ കടമയിൽപ്പെടുന്നതുമാണ്.
(അഭിപ്രായം തികച്ചും വ്യക്തിപരം)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img