07:16pm 21 April 2026
NEWS
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടി - ഡോ. കെ.പി. പൗലോസ്
18/08/2025  07:15 PM IST
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടി - ഡോ. കെ.പി. പൗലോസ്

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷൻ & റെഗുലേഷൻ) ആക്ട് 2018 ന്റെ സാദ്ധ്യതകൾ ചോദ്യം ചെയ്തുകൊണ്ട് ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബന്ധപ്പെട്ട ഹർജികളിൽ തത്പരകക്ഷികൾ ഉന്നയിച്ച പ്രധാനപ്പെട്ട ചില തടസ്സവാദങ്ങൾ എത്രത്തോളം നീതിയുക്തമാണ് അല്ലെങ്കിൽ അതിലെ മെരിറ്റ് എങ്ങനെയാണ് വിലയിരുത്തപ്പെടേണ്ടത്? ആരോഗ്യവിദഗ്ദ്ധനും ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയവുമുള്ള മുതിർന്ന ഡോ.കെ.പി. പൗലോസ് കേരളശബ്ദത്തോട് സംസാരിക്കുന്നു. 

പ്രസ്തുത ആക്ടിലെ സെക്ഷൻ 39(2)ൽ നിഷ്‌ക്കർ ഷിക്കുന്നതുപോലെ ചികിത്സാനിരക്ക് അല്ലെങ്കിൽ പാക്കേജ് ആശുപത്രികളിൽ പ്രദർശിപ്പിക്കാൻ സാധിക്കില്ല എന്നതാണ് ഒരു പ്രധാന തടസ്സവാദം. അങ്ങയുടെ വിലയിരുത്തൽ എന്താണ് ?

ആദ്യംതന്നെ ഞാൻ ഒരു കാര്യം പറയട്ടെ. ഈ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് രൂപകൽപ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഒരു കമ്മറ്റി ഫോം ചെയ്തിരുന്നു. ഡോ. കെ.വി. കൃഷ്ണദാസ് ചെയർമാനായ കമ്മിറ്റിയിൽ ഞാൻ വൈസ് ചെയർമാൻ ആയിരുന്നു. ആരോഗ്യരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ പലതിനും ശാശ്വതപരിഹാരം കാണുന്ന, ജനങ്ങൾക്ക് മികച്ച സേവനം ആശുപത്രികളിൽ നിന്നും ലഭ്യമാകാൻ ഉതകുന്ന തരത്തിലാണ് ആ കമ്മിറ്റി കാര്യങ്ങൾ പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. അതിൽ ഉൾപ്പെട്ടിട്ടുള്ളതും ഇല്ലാത്തതുമായ പല നിർദ്ദേശങ്ങളും പ്രസ്തുത ആക്ടിലുണ്ട്. 

ഇനി മേൽപ്പറഞ്ഞ വിഷയത്തിലേക്ക് വരാം. പല ആശുപത്രികളിലും പല ഡോക്ടർമാരാണ് ഒരേവിഷയം കൈകാര്യം ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സർജന്റെ കാര്യം നോക്കാം. ഒരാൾ ഒരു സർജറിക്ക് ചിലപ്പോൾ ഒന്നരലക്ഷമാകും ചാർജ്ജ് ചെയ്യുക, മറ്റൊരാൾ ചിലപ്പോൾ അതിലും കൂടുതലോ കുറവോ ആയിരിക്കും ചാർജ്ജ് ചെയ്യുക. ഇത് രോഗികൾ അറിയണമെന്നില്ല. അങ്ങിനെ വരുമ്പോൾ ചിലപ്പോഴെങ്കിലും ഒരു ഏകീകരിച്ചനിരക്ക് നിശ്ചയിക്കുക പ്രായോഗികമല്ലാതെ വന്നേയ്ക്കാം. 

ചില ആശുപത്രികളിൽ കാര്യങ്ങൾ നേരത്തേ തന്നെ അന്വേഷിച്ച് ചികിത്സാനിരക്കുകൾ മനസ്സിലാക്കാൻ സാധിക്കും. കാര്യങ്ങൾ പറയാമെങ്കിൽ അതെഴുതി വെയ്ക്കുന്നതിൽ എന്താണ് തെറ്റ് ? 

രോഗികൾ ചെന്ന് കാര്യങ്ങൾ അന്വേഷിക്കുന്നത് ആശുപത്രി കളിലെ മിനിസ്റ്റീരിയൽ വിഭാഗത്തോടാകും. ഇവരിൽ പലർക്കും ചില ഡോക്ടർമാരോടും താത്പര്യമുണ്ടാകാനുള്ള സാദ്ധ്യത തള്ളാനാകില്ല (എല്ലാവരുടേയും കാര്യമല്ല). അങ്ങനെ വരുമ്പോൾ അവർ മിക്കപ്പോഴും രോഗികളെ ഒരു ഡോക്ടറുടെ അടുത്തേയ്ക്ക് തന്നെ റെക്കമന്റ് ചെയ്‌തേക്കാം. എന്നാൽ അതേരോഗി മറ്റൊരു ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ചിലപ്പോൾ ചികിത്സാനിരക്കിലും മറ്റും വ്യത്യാസം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോഴാണ് കാര്യങ്ങൾ കുഴപ്പത്തിലാകുന്നത്.  

നിലവിൽ പല ആശുപത്രികളും ഹെൽത്ത് ചെക്അപ് പാക്കേജുകളുടെ താരിഫ് പ്രദർശിപ്പിക്കുകയും, താരിഫ് മുൻനിർത്തി പരസ്യങ്ങൾ പോലും ഇറക്കാറുമുണ്ട്. അങ്ങനുള്ളപ്പോൾ ഇതര ചികിത്സകൾക്ക് നിരക്ക് നിശ്ചയിക്കാൻ സാധിക്കില്ല എന്നാണ് തത്പരകക്ഷികൾ പറയുന്നത്. യോജിക്കാനാകുമോ ? 

ആശുപത്രികളെ അവിടങ്ങളിലെ അടിസ്ഥാനസൗകര്യത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടുകളിൽ ക്ലാസിഫൈ ചെയ്യാറുണ്ട്. ഓരോ സെഗ്‌മെന്റിലും നിശ്ചിതമായി നിഷ്‌കർഷിച്ചിട്ടുള്ള കാര്യങ്ങളുണ്ടാകും. എന്നാൽ ചിലയിടങ്ങളിൽ മാൻപവർ ഉൾപ്പെടെ പലതും പരിമിതമായിരിക്കും. അതുകൊണ്ടായിരിക്കാം പലരും ഇത്തരം സംഗതികൾ എഴുതി പ്രദർശിപ്പിക്കാൻ സാധിക്കില്ല എന്നു പറയുന്നത്. അതുതന്നെ ആയിരിക്കാം എതിർപ്പിന് പിന്നിലും. 

പൊതുജനങ്ങൾക്ക് ആപത്കരമാണ് (imminent danger to public)) എന്നുകണ്ടാൽ, പ്രസ്തുത ആക്ടിന്റെ സെക്ഷൻ 14 (3) (എ) (സി) പ്രകാരം ആശുപത്രികളുടെ അല്ലെങ്കിൽ ചികിത്സാ, ചികിത്സാപരിശോധന കേന്ദ്രങ്ങളുടെ (ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്) ലൈസൻസ് സർക്കാർ അതോറിട്ടിക്ക് റദ്ദാക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ imminent danger to public എന്നാലെന്തെന്ന് നിർവചിക്കപ്പെട്ടിട്ടില്ല എന്നാണ് ഒരു തടസ്സവാദം. ഇത് ശരിയാണോ?

ഇത് ഞങ്ങളുടെ കമ്മിറ്റി നിഷ്‌കർഷിച്ചകാര്യമല്ല. ഞങ്ങൾ നിർദ്ദേശിച്ചത് എല്ലാ സ്ഥാപനങ്ങൾക്കും നിർബന്ധമായും രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം എന്നാണ്. അങ്ങിനെ വരുമ്പോൾ അവിടങ്ങളിൽ പരിശോധന ഉണ്ടാകും. കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ അവർക്ക് രജിസ്‌ട്രേഷൻ തന്നെ ലഭിക്കില്ല. ഒരിക്കൽ രജിസ്‌ട്രേഷൻ ലഭിച്ചാൽ തുടർസൗകര്യങ്ങൾ വിലയിരുത്താൻ അടിക്കടി പരിശോധനകളും വേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ആപത്കരമായ സംഗതികൾക്ക് സ്‌പേസ് ഉണ്ടാകില്ല. 

ഒരു ആശുപത്രിയിലെ സ്ഥിതി അല്ലേൽ സാഹചര്യം രോഗിക്ക് ആപത്കരമാണോ അല്ലയോ എന്നെങ്ങിനെ കണ്ടെത്താൻ സാധിക്കും എന്നൊരു ചോദ്യമുണ്ട്. അങ്ങയുടെ പക്ഷം ?

മുൻകൂട്ടി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഒരു ചികിത്സാകേന്ദ്രത്തിന് ലൈസൻസ് നൽകുമ്പോൾ നിഷ്‌കർഷിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ അവിടുണ്ടെങ്കിൽ അത് നിലനിർത്തിപ്പോവുക എന്നത് മാത്രമാണ് പോംവഴി. അതിലെന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടേൽ അത് ജനങ്ങൾക്ക് ഭീഷണി തന്നെയാണ്. മാത്രമല്ല, ഒരു ആശുപത്രിക്ക് നൽകാൻ സാധിക്കാത്ത അല്ലെങ്കിൽ അവിടെ ലഭ്യമല്ലാത്ത എന്തെങ്കിലും ചികിത്സയെക്കുറിച്ച് പൊള്ളയായ അവകാശവാദം ഉന്നയിച്ചാൽ അതും പ്രശ്‌നമാണ്. 

നിരന്തരമായ പരിശോധനകളാണ് ഇവിടെ വേണ്ടത്?

അതെ. അതുചെയ്യേണ്ടത് സർക്കാർ സംവിധാനങ്ങൾ തന്നെയാണ്. അക്കാര്യം നിയമത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്. 

ഷോർട് നോട്ടീസിൽ രോഗികളെ ഡിസ്ചാർജ്ജ് ചെയ്യുന്നത് പലപ്പോഴും പ്രായോഗികമല്ല എന്നൊരു വാദം കേൾക്കുന്നു. യോജിക്കുന്നുവോ ? 

ഷോർട് നോട്ടീസിൽ ഡിസ്ചാർജ്ജ് ചെയ്യുന്നത് തെറ്റാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ വന്ന് ഇന്ന് ഡിസ്ചാർജ്ജ് എന്നുപറഞ്ഞാൽ രോഗിയുടെ ബന്ധുക്കൾ അല്ലെങ്കിൽ രോഗി കാശിന് എന്തുചെയ്യും? അവർക്കൊരു സാവകാശം നൽകണം. എന്നാൽ ഡിസ്ചാർജ്ജിന് ഇത്രദിവസം അല്ലേൽ ഇത്ര മണിക്കൂർ മുന്നേ പറഞ്ഞിരിക്കണം എന്ന തരത്തിലുള്ള കാര്യങ്ങളൊന്നും ഞാനുൾപ്പെടുന്ന കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ല. സാധാരണഗതിയിൽ ഡിസ്ചാർജ്ജിന് വളരെ മുന്നേ തന്നെ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്. അതുതന്നെയാണ് അഭികാമ്യവും. 

ഏതെങ്കിലും സാഹചര്യവശാൽ ഒരു രോഗി നിർബന്ധിതമായി ഡിസ്ചാർജ്ജ് ആവശ്യപ്പെട്ടാൽ നൽകാൻ എന്തേലും തടസ്സമുണ്ടോ ?

ഒരിക്കലുമില്ല. അത് രോഗിയുടെ അവകാശമാണ്. താൻ എവിടെയാണ് ചികിത്സിക്കപ്പെടേണ്ടത് ഏത് തരത്തിലാണ് താൻ ട്രീറ്റ് ചെയ്യപ്പെടേണ്ടത് എന്നൊക്കെ രോഗിതന്നെയാണല്ലോ തീരുമാനിക്കേണ്ടത്. എന്നാൽ ഒരിടത്തുനിന്നു ഡിസ്ചാർജ്ജ് ചെയ്യണമെങ്കിൽ രോഗി അതിനുപറ്റിയ ആരോഗ്യസ്ഥിതിയിലാണോ അദ്ദേഹത്തിന്റെ ജീവൻ ആപത്തിലാകുമോ എന്നതൊക്കെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. അവിടെ ഡോക്ടർമാർ യുക്തിസഹമായ നിർദ്ദേശങ്ങൾ നൽകാറുണ്ട്. പക്ഷേ, തീരുമാനം രോഗിയുടേത് തന്നെയാണ്.

രോഗികളെ ആശുപത്രി മാറ്റേണ്ടിവന്നാൽ സേഫ് ട്രാൻസ്‌പോർട്ടേഷൻ (സുരക്ഷിതമായ യാത്രാക്രമീകരണം) ഒരുക്കേണ്ടതുണ്ടെന്ന നിയമത്തിലെ വ്യവസ്ഥ അപ്രായോഗികം എന്ന് പറയുന്നു. അങ്ങയുടെ പക്ഷം ? 

അതെ. അത് റിസ്‌ക് തന്നെയാണ്. ഇപ്പോൾ വെന്റിലേറ്ററിൽ കിടക്കുന്ന ഒരു രോഗിയെ വെന്റിലേറ്റർ ഫെസിലിറ്റിയുള്ള ആംബുലൻസിലേക്ക് മാറ്റി പുതിയൊരു ആശുപത്രിയിലെത്തിക്കാം. എന്നാൽ ഈ ഷിഫ്റ്റിംഗ് ഒരു റിസ്‌കി പ്രോസസ്സ് തന്നെയാണ്. അന്നേരം വന്നുഭവിച്ചേക്കാവുന്ന കാഷ്വാലിറ്റീസ് ആശുപത്രിക്കാർക്ക് തള്ളാനാകില്ല. അതുകൊണ്ടാകാം അവർ അത്തരമൊകുവാദം മുന്നോട്ടുവെച്ചിട്ടുണ്ടാവുക. 

അങ്ങനെ മാറ്റുകയാണെങ്കിൽ അതുവരെയുള്ള എല്ലാ ചികിത്സാരേഖകളും രോഗിക്ക് കൈമാറേണ്ടതല്ലേ ?

തീർച്ചയായും. പ്രസ്തുത രോഗി അഡ്മിറ്റായ നാൾ മുതൽ എന്തൊക്കെ പരിശോധന നടത്തിയിട്ടുണ്ടോ അതെല്ലാം ഉറപ്പായും കൈമാറിയിരിക്കണം. അത് രോഗിയുടെ പ്രൈവറ്റ് പ്രോപ്പർട്ടി പോലെയാണ് ട്രീറ്റ് ചെയ്യേണ്ടത്. കാരണം അദ്ദേഹത്തിന്റെ ശരീരമാണ് പരിശോധിച്ചിരിക്കുന്നത്. അതിന്റെ ഫലം എന്താണെന്ന് അറിയാനും ബന്ധപ്പെട്ട രേഖ സൂക്ഷിക്കാനു മുള്ള അവകാശം അദ്ദേഹത്തിന് മാത്രമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല എന്നതാണ് നിയമം നിഷ്‌കർഷിക്കുന്നത്. 

നിയമം നിഷ്‌കർഷിക്കുന്നു എന്നുപറഞ്ഞാൽ ഇപ്പോൾ ഇതൊന്നും നടക്കുന്നില്ല എന്നുതന്നെയാണ് താങ്കൾ പറയുന്നത് ? 

100 ശതമാനം. പല ആശുപത്രികളും അതുചെയ്യുന്നില്ല. ഇവിടെ ചെറുകിട, വൻകിട വ്യത്യാസം ഇല്ല. എറണാകുളത്തെ ഒരു പ്രമുഖ മൾട്ടിസ്‌പെഷ്യാലിറ്റിയിൽ ചികിത്സ തേടിയ എന്റെ അടുത്ത ബന്ധുവിന് സമാന അനുഭവം ഉണ്ടായി. അവർ ചികിസ്താരേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഒഴിവുകഴിവുകൾ നിരത്തി. അന്നേരം അവർ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടു. അതിനും അനുവദിച്ചില്ല. ഡോക്ടർ സ്ഥലത്തില്ലെന്നെന്തോ കള്ളം പറഞ്ഞ് അവരെ ഒഴിവാക്കി. ഇതുപോലെ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇവിടെ ജനങ്ങളും തങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. 

എന്തെങ്കിലുമൊക്കെ മറയ്ക്കാനുള്ളവർ ആയിരിക്കും ഇതൊക്കെ നിഷേധിക്കുന്നത് ?

തീർച്ചയായും അങ്ങനെ തന്നെ അനുമാനിക്കേണ്ടിവരും. അല്ലാതെ ഒരു രോഗിയുടെ സ്വകാര്യവിവരം സൂക്ഷിച്ചുവെച്ചതുകൊണ്ട് ആശുപത്രിക്ക് എന്ത് മെച്ചമാണ് ഉണ്ടാകാൻ പോകുന്നത്. 

ചെറിയ പാളിച്ചകൾക്കു പോലും ആരോഗ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനുള്ള വ്യവസ്ഥ ദുരുപയോഗം ചെയ്യും എന്ന വാദം അംഗീകരിക്കാനാകില്ല എന്ന് പറഞ്ഞാൽ അങ്ങയുടെ അഭിപ്രായം ? 

അത്തരമൊരു ആശങ്കയിൽ കഴമ്പില്ലാതില്ല. ഒരു ആശുപത്രിയുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനത്തിന്റെ ഉൾപ്പെടെ ലൈസൻസ് അനിവാര്യമായി വരുന്നുണ്ട്. അങ്ങിനെ വരുമ്പോൾ പ്രാദേശികമായ ചില താത്പര്യ ങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ ആശുപത്രികൾക്കെതിരെ തിരിയാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ആരെങ്കിലും ഒരാൾ അല്ലേൽ ഒന്നോ രണ്ടോ പേർ ഒരു സ്ഥാപനത്തിനെതിരെ വ്യക്തിവിരോധവുമായി ഇറങ്ങിത്തിരിച്ചാൽ അതാ സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചെന്നുവരാം. അത്തരം സാഹചര്യം ഒഴിവാക്കേണ്ടതുണ്ട് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 

പൂട്ടേണ്ടതാണെങ്കിൽ പൂട്ടിക്കുന്നതിൽ എന്താണ് തെറ്റ് ? 

നിയമവിരുദ്ധമായിട്ട് എന്തെങ്കിലും നടന്നാൽ ഉറപ്പായും നടപടി ഉണ്ടാകണം. പക്ഷേ, ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് എന്നാൽ പിന്നെ പൂട്ടിക്കെട്ടിക്കാം എന്നാരേലും വിചാരിച്ചാൽ അത് നടക്കരുത് എന്നുമാത്രം. 

ചികിത്സാപ്പിഴവ് സംബന്ധിച്ച ആക്ഷേപങ്ങളിലും പരാതികളിലും ആരേയും സാക്ഷിയാക്കാം എന്ന വ്യവസ്ഥ ശരിയല്ലെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും വാദമുണ്ട്. യോജിക്കുന്നുവോ ? 

ഇത് കമ്മിറ്റി നിർദ്ദേശിച്ചകാര്യമല്ല. എന്നിരുന്നാലും എന്റെ വ്യക്തിപരമായ അഭിപ്രായം പറയാം. അങ്ങനെ ആരേയും സാക്ഷിയാക്കുന്നത് ഉചിതമായ കാര്യമല്ല. ഒരു രോഗിക്ക് ചികിത്സ ലഭ്യമാക്കിയതിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ അല്ലെങ്കിൽ പോരായ്മ ഉണ്ടെങ്കിൽ അത് തുറന്നുപറയാനും പ്രതികരി ക്കാനുമള്ള അവകാശം രോഗിക്കും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനോ ബൈസ്റ്റാന്റർക്കോ ഉണ്ട്. അവിടെ ഒരു തേർഡ് പാർട്ടി വന്ന് അഭിപ്രായം പറയുന്നത് എങ്ങനെ ഉചിതമാകും. അത്തരം സാഹചര്യങ്ങളിൽ കള്ള സാക്ഷികളോ കള്ളമൊഴികളോ വരാനുള്ള സാഹചര്യമാകും സംജാതമാവുക. അതുകൊണ്ട് മേൽപ്പറഞ്ഞ ആശങ്കയിൽ കഴമ്പുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 

ഡോക്ടർമാർക്കെതിരായ പരാതികൾ പരിശോധിക്കാൻ ഡോക്ടർമാർതന്നെ ഉൾപ്പെട്ട കമ്മിറ്റിയെ നിയോഗിക്കുമ്പോൾ ബാധിക്കപ്പെട്ടവർക്ക് എങ്ങനെ നീതി ലഭിക്കും എന്നൊരു ചോദ്യം പൊതുസമൂഹത്തിലുണ്ട്. അതിനെ എങ്ങനെ കാണുന്നു ? 

ഡോക്ടർമാർക്കെതിരായ പരാതി ഡോക്ടർമാർ കൂടി ഉൾപ്പെട്ട കമ്മിറ്റിക്ക് മാത്രമേ പരിശോധിക്കാൻ സാധിക്കൂ. കാരണം മെഡിക്കൽ റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ പരിശോധിക്കാൻ ആ രംഗത്തെ വിദഗ്ദ്ധൻ വേണ്ടതുണ്ട്. പ്രസ്തുത കമ്മിറ്റിയിൽ ഇതര നിയമവിദഗ്ദ്ധരും മറ്റുംകൂടി വരുമ്പോൾ അട്ടിമറികളും തിരിമറികളുമൊക്കെ ഇല്ലാതെയാകും. 

എല്ലാം സുതാര്യമാക്കാനാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. എന്നാൽ അങ്ങനല്ല എന്നാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. താങ്കളുടെ സബ്ജക്ടീവ് റീഡിംഗ് ?

എല്ലാം സുതാര്യമാക്കാനാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അതിലെ ചില കാര്യങ്ങളിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് തത്പരകക്ഷികൾ പറഞ്ഞിരിക്കുന്നത്. അതിൽ ചിലർക്കെങ്കിലും വ്യക്തിതാത്പര്യങ്ങളൊ സ്ഥാപിതതാത്പര്യങ്ങളോ ഉണ്ടായേക്കാം. അതിനെ ആ നിലയ്ക്ക് കാണുന്നതാകും ഉചിതം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ, ക്രിസ്റ്റ്യൻ മെഡിക്കൽ സൊസൈറ്റി, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്മാൾ ഹോസ്പിറ്റൽസ് എന്നിവയുടെയെല്ലാം പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റി നിരവധി സിറ്റിംഗുകൾ നടത്തി കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്തശേഷമാണ് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത് എന്നതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img