
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് എച്ച്ഐവി പകരുന്നതെന്ന് നമുക്കറിയാം. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും എയ്ഡ്സും തമ്മിൽ എന്ത് ബന്ധം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതെ, എയ്ഡ്സും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എച്ച്ഐവി പ്രതിരോധത്തെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പുതിയ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തിലും പരിചരണത്തിലും വലിയ തോതിലുള്ള വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് ടൊറന്റോ സർവകലാശാലയിലെ ഗവേഷകരുടെ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കിഴക്കൻ ആഫ്രിക്കയിലും തെക്കൻ ആഫ്രിക്കയിലുമാണ് എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതലുള്ളതെന്നും ഈ പ്രദേശങ്ങളിൽ തന്നെയാണ് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിട്ടുള്ളതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
എച്ച്ഐവി ബാധിതരിൽ ഏകദേശം 54 ശതമാനം പേരും കിഴക്കൻ ആഫ്രിക്കയിലും തെക്കൻ ആഫ്രിക്കയിലുമാണുള്ളത്. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിട്ടുള്ള ഈ രാജ്യങ്ങളിൽ അതികഠിനമായ വരൾച്ചയും, വെള്ളപ്പൊക്കവും സാധാരണമാണ്. അതിശക്തമായ കാലാവസ്ഥാ മാറ്റങ്ങൾ പരിസ്ഥിതിയിൽ നാശനഷ്ടങ്ങൾ വരുത്തുന്നതിനോടൊപ്പം കുടിയേറ്റത്തിനും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ രോഗപ്രതിരോധ സംവിധാനങ്ങൾ ആകെ താളം തെറ്റും. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചോ പ്രകൃതി ദുരന്തങ്ങളിൽ വൈറസ് ബാധ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചോ ജനത്തിനുള്ള അറിവില്ലായ്മ രോഗവ്യാപനത്തിന്റെ തീവ്രത വർധിപ്പിക്കുന്നു എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
എയ്ഡ്സ് രോഗികളുടെ എണ്ണം വർധിപ്പിക്കുന്ന പ്രധാന ഘടകം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം തന്നെയാണ്. ഒന്നിലധികം പങ്കാളികൾ ഉള്ളതും, പണത്തിനോ മറ്റു സഹായങ്ങൾക്കോ വേണ്ടിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികതയും ആഫ്രിക്കൻ രാജ്യങ്ങളിൽ എയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് പ്രഫസറും എഴുത്തുകാരിയുമായ കാർമെൻ ലോഗി പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ എച്ച്ഐവി രോഗികൾക്കായി ദീർഘകാല ആന്റി റിട്രോവൈറൽ തെറാപ്പി, മരുന്ന് വിതരണം, ബോധവൽക്കരണം എന്നിവ ആവശ്യമാണ്. മാത്രമല്ല, ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ട്രാൻസ്ജെൻഡർമാർ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ പ്രകൃതി ദുരന്തങ്ങളിൽ രോഗങ്ങൾ പടരുന്നത് തടയാൻ പാലിക്കേണ്ട മുൻകരുതലിനെക്കുറിച്ചോ വേണ്ടത്ര അറിവില്ല. ഇത്തരം ആളുകൾക്ക് അതേക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും കാർമെൻ വ്യക്തമാക്കി.
എച്ച്ഐവി ബാധിതർക്ക് പരിചരണം ലഭ്യമാക്കുന്നതിലും ചികിത്സ നൽകുന്നതിലും കാലാവസ്ഥാ വ്യതിയാനങ്ങൾ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് ടൊറന്റോ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയായ ആൻഡി മക്നീൽ പറഞ്ഞു. മൊബൈൽ ഫാർമസികൾ, ആരോഗ്യ ക്ലിനിക്കുകൾ, ഭക്ഷണവും വെള്ളവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണം. രോഗം പകരുന്നത് തടയാൻ കൂടുതൽ ഇടപെടലുകളും ഗവേഷണങ്ങളും ആവശ്യമാണെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.