
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. എം ആർ അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ തെളിവുകളില്ലെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്.
അനധികൃതമായി ഫ്ലാറ്റ് വാങ്ങുക, സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പേരിൽ പങ്കുപറ്റുക തുടങ്ങിയ ആരോപണങ്ങളാണ് അജിത്കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്. വിജിലൻസ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തിയത്. എന്നാൽ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനും തെളിവില്ലെന്നായിരുന്നു വിജിലൻസ് പ്രത്യേക യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഈ റിപ്പോർട്ട് ഡയറക്ടർ യോഗേഷ് ഗുപ്ത അംഗീകരിച്ച് സർക്കാരിന് കൈമാറിയിരുന്നു. ഇതാണു കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്.











