
കോഴിക്കോട്: നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ജുവൽ ലക്ഷ്മിയാണ് മരിച്ചത്. ഷാജി–രജിഷ ദമ്പതികളുടെ മകളാണ്.
ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ ടെറസിലെ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് ജുവലിനെ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.










