
മെയിൻപുരി: ലൈംഗികബന്ധത്തിന് വിസമ്മതിച്ച അധ്യാപികയെ പ്ലസ്ടു വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. പ്ലസ്ടു വിദ്യാർത്ഥി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അധ്യാപികയുടെ ചുണ്ടും മുഖവും മുറിവേൽപ്പിച്ചതായി പൊലീസ് അറിയിച്ചു. ലൈംഗികബന്ധത്തിലേർപ്പെടണമെന്ന വിദ്യാർത്ഥിയുടെ ആവശ്യം അധ്യാപിക നിരാകരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപികയും വിദ്യാർത്ഥിയും ഒരുമിച്ച് നടന്നു പോകുന്നതും പിന്നാലെ വാക്കേറ്റം ഉണ്ടാകുന്നതും തുടർന്ന് ആക്രമണം നടക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇത് ആദ്യമായല്ല പ്രതി അധ്യാപികയെ ഉപദ്രവിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് വിദ്യാർഥി അധ്യാപികയോട് മോശമായി പെരുമാറിയിരുന്നുവെന്നും, സ്കൂളിൽ നടന്ന പിടിഎ യോഗത്തിൽ ഈ വിവരം അധ്യാപിക വിദ്യാർഥിയുടെ അമ്മയെ അറിയിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അതിനുശേഷവും വിദ്യാർഥി അധ്യാപികയെ വഴിയിൽ തടഞ്ഞ് അസഭ്യം പറയുന്നതടക്കമുള്ള അതിക്രമങ്ങൾ തുടരുകയായിരുന്നുവെന്നാണ് പരാതി.
വിദ്യാർഥിയുടെ തുടർച്ചയായ ശല്യം മൂലം അധ്യാപിക മറ്റൊരു സ്കൂളിലേക്ക് സ്ഥലംമാറിയിരുന്നുവെങ്കിലും, അതിനുശേഷവും പ്രതി അവരെ പിന്തുടർന്ന് ഉപദ്രവിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവദിവസം വിദ്യാർഥി അധ്യാപികയോട് ലൈംഗികബന്ധത്തിലേർപ്പെടണം എന്നാവശ്യപ്പെടുകയായിരുന്നു. അവർ അതിന് വിസമ്മതിച്ചതോടെ ചുണ്ടിൽ ഉമ്മവെക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുഖത്തും ചുണ്ടിലും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.











