08:26am 05 September 2026
NEWS
രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ സംഘർഷം; എംഎൽഎക്ക് പരുക്കേറ്റു
05/09/2026  06:20 AM IST
nila
രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ സംഘർഷം; എംഎൽഎക്ക് പരുക്കേറ്റു

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലാണ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്. പരുക്കേറ്റ എംഎൽഎ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഇരുവിഭാഗവും നൽകിയ പരാതികളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്കുതല യോഗവുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾക്ക് തുടക്കമായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ രമ്യ ഹരിദാസിന്റെ പിഎയായി പ്രവർത്തിക്കുന്ന പാളയം പ്രദീപും പങ്കെടുത്തിരുന്നു. യോഗത്തിൽ ചില കരാറുകാർക്ക് പ്രദീപ് നിർദേശങ്ങൾ നൽകിയതായും ഇതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചതായുമാണ് വിവരം.

യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ പിന്നീട് വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ചു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് പ്രശ്നം വീണ്ടും രൂക്ഷമായത്. തുടർന്ന് രാത്രി 9.30ഓടെ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തിയെന്നാണ് ആരോപണം. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നും മറുവിഭാഗം ആരോപിക്കുന്നു.

സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് ലഭിച്ച വിവരം. സംഘർഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നാലെ രാത്രി വൈകിയാണ് പൊലീസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തി രമ്യ ഹരിദാസ് എംഎൽഎയുടെ മൊഴിയെടുത്തത്. ഇരുവിഭാഗത്തിന്റെയും മൊഴികൾ രേഖപ്പെടുത്തുന്നതിനൊപ്പം പുറത്തുവന്ന ദൃശ്യങ്ങളുടെ ആധികാരികതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, ഔദ്യോഗിക യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കാനാണ് പൊലീസിന്റെ നീക്കം. യൂത്ത് കോൺഗ്രസ് മുൻ നേതാവാണ് പാളയം പ്രദീപ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img