
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ജനകീയ സംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാസേനയും തമ്മിലുണ്ടായ രൂക്ഷ ഏറ്റുമുട്ടലിൽ 30ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 200ലധികം പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. റാവലക്കോട്ട് നഗരത്തിലാണ് സംഘർഷം ഏറ്റവും ശക്തമായത്.
ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി സംവരണം ചെയ്തതിനെതിരെയാണ് ജെഎഎസി പ്രതിഷേധം ആരംഭിച്ചത്. ഈ നടപടി പ്രാദേശിക ജനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുമെന്ന് സംഘടന ആരോപിച്ചു.
തുടർന്ന് ജെഎഎസിയെ പാക്കിസ്ഥാൻ ഭരണകൂടം തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മേഖലയിൽ പ്രതിഷേധം വ്യാപകമായി. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിപ്രാപിക്കുകയായിരുന്നു.
പ്രതിഷേധക്കാർ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ ആരോപണം ജെഎഎസി അനുകൂലികളും പ്രദേശവാസികളും തള്ളി. സുരക്ഷാസേനയാണ് ആദ്യം ആക്രമണം നടത്തിയതെന്നും പ്രതിഷേധക്കാർക്ക് നേരെ അമിതബലം പ്രയോഗിച്ചതെന്നും അവർ ആരോപിച്ചു.
വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, പ്രദേശത്തെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വർഷങ്ങളായി പ്രക്ഷോഭം നടത്തുന്ന സംഘടനയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. കഴിഞ്ഞ രണ്ട് വർഷമായി പാക് അധിനിവേശ കശ്മീരിലെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾ ആവശ്യപ്പെട്ട് സംഘടന വിവിധ സമരങ്ങൾ സംഘടിപ്പിച്ചുവരികയാണ്.










