
തൃശ്ശൂർ: കേരള കോൺഗ്രസിലെ വിഭാഗീയത സംഘർഷത്തിലേക്ക്. ഇരിങ്ങാലക്കുടയിൽ നടന്ന നേതൃയോഗത്തിനിടെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തോമസ് ഉണ്ണിയാടൻ എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർപക്ഷത്തുള്ളവരും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും.
സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഒരു വിഭാഗം നേതാക്കൾ യോഗം ചേരുന്നതിനിടെയാണ് ഉണ്ണിയാടൻ അനുകൂലികൾ സ്ഥലത്തെത്തിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഔദ്യോഗികപക്ഷം തങ്ങളാണെന്ന അവകാശവാദത്തോടെയായിരുന്നു ഇവരുടെ വരവ്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നാലെ സംഘർഷം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.
സംഘർഷത്തിനിടെ യോഗത്തിനെത്തിച്ച ചൂടുചായ ഒഴിച്ചതായും ആരോപണമുണ്ട്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. വനിതാ പ്രവർത്തകർക്കും പരിക്കേറ്റതായി നേതാക്കൾ പറയുന്നു. ഫാൻ എടുത്തെറിഞ്ഞതിനെ തുടർന്നാണ് ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്കേറ്റതെന്നാണ് ആരോപണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാരനും പരിക്കേറ്റു. മദ്യപിച്ചെത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് യോഗത്തിൽ പങ്കെടുത്തവരുടെ ആരോപണം.
പാർട്ടി നേതൃത്വവുമായി അസ്വാരസ്യത്തിൽ തുടരുന്ന തോമസ് ഉണ്ണിയാടന് തൃശ്ശൂരിൽ സ്വീകരണം നടക്കുന്നതിനിടെയാണ് മറുവിഭാഗം നേതൃയോഗം ചേർന്നത്. മന്ത്രിസ്ഥാനത്തേക്കും ചീഫ് വിപ്പ് സ്ഥാനത്തേക്കും പാർട്ടി നേതൃത്വം തന്നെ പരിഗണിച്ചില്ലെന്ന പരാതിയും ഉണ്ണിയാടൻ ഉന്നയിക്കുന്നുണ്ട്.
പാർട്ടിയിലെ ആഭ്യന്തര തർക്കം രൂക്ഷമായിരിക്കെയാണ് ഇരിങ്ങാലക്കുടയിലെ നേതൃയോഗം സംഘർഷത്തിൽ കലാശിച്ചത്.









