
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നയിക്കുന്ന പ്രതിഷേധം ദേശീയ തലസ്ഥാനത്ത് കൂടുതൽ ശക്തമാകുന്നു. ജന്തർമന്തറിൽ തുടരുന്ന സമരത്തിനിടെ പ്രതിഷേധക്കാരുമായി ധാരണയിലെത്താൻ കേന്ദ്ര സർക്കാർ ചർച്ചാ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർമന്തർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ പൊലീസിനെ വിന്യസിച്ചതോടൊപ്പം തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. അതേസമയം, കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ തുടരുകയാണ്.
ലോക്‌സഭയിൽ പ്രതിഷേധം കടുപ്പിക്കും
പരീക്ഷാ ക്രമക്കേടുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിലും സമ്മർദം ശക്തമാക്കാൻ ഒരുങ്ങുകയാണ്. വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അത് എപ്പോൾ, ഏത് രൂപത്തിൽ നടക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നതിനാൽ ഇന്നും പാർലമെന്റിലെ നടപടികൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.










