
ഛത്രപതി സംഭാജി നഗർ: രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള നീക്കങ്ങളില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ശക്തമായ സമ്മർദ ഗ്രൂപ്പായി പ്രവർത്തനം തുടരുമെന്നും, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. നീറ്റ് പരീക്ഷാ സമരത്തിന് ശേഷമുള്ള നിർണായക യോഗമാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ അഭിജിത് ദീപ്കെയുടെ വസതിയിൽ നടക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന യോഗത്തിൽ രാജ്യവ്യാപക പര്യടനം, യുവാക്കളുമായും വിദ്യാർത്ഥികളുമായും നേരിട്ട് സംവദിക്കുന്ന പരിപാടികൾ, വരും ദിവസങ്ങളിലെ സമരരീതികൾ എന്നിവ ചർച്ച ചെയ്യുകയാണ്.
ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായും സന്നദ്ധ പ്രവർത്തകരുമായും സിജെപി നേതൃത്വം ഇതിനുമുമ്പ് പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. ആ നിർദേശങ്ങളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുന്നത്.
അതേസമയം, സിജെപി പ്രവർത്തകനായ സൗരവ് ദാസിന്റെ വീട്ടിൽ ഓൺലൈൻ മാധ്യമ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സിജെപി വക്താവ് അശുതോഷ് രംഗ പറഞ്ഞു. വീട്ടിൽ അതിക്രമിച്ച് പ്രവേശിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.










