
ന്യൂഡൽഹി: സിജെപി സമരം കൂടുതൽ ശക്തമാകുന്നതിനിടെ ഡൽഹിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. സമരവേദികളിലേക്ക് വൻജനക്കൂട്ടം ഒഴുകിയെത്തുകയും രാത്രികാലങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ 30 കമ്പനി അധിക കേന്ദ്രസേനയെ ഡൽഹിയിൽ വിന്യസിച്ചു. അടിയന്തര സാഹചര്യങ്ങൾ മുൻനിർത്തി സേനയെ വിമാനമാർഗമാണ് എത്തിച്ചത്.
പുതുതായി എത്തിയ സേനയിൽ 18 കമ്പനി സിആർപിഎഫ്, ആറു കമ്പനി ആർഎഎഫ്, മൂന്ന് കമ്പനി ബിഎസ്എഫ്, രണ്ട് കമ്പനി എസ്എസ്ബി, ഒരു കമ്പനി ഐടിബിപി എന്നിവ ഉൾപ്പെടുന്നു. ഇതോടെ ദില്ലിയിൽ സമരനിയന്ത്രണത്തിനായി വിന്യസിച്ച കേന്ദ്രസേനയുടെ എണ്ണം 45 കമ്പനികളായി ഉയർന്നു.
സംഘർഷത്തിനിടെ പരിക്കേറ്റ ഛത്രപൂർ സ്വദേശിനി സാക്ഷിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കുടുംബം പൊലീസ് നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. യുവതിയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 20 അംഗ പ്രത്യേക അന്വേഷണസംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാർ ഒരു പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തിയെന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജന്തർമന്തറിൽ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ രാത്രിയിലെ സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. കൂടാതെ, ഒരു ദ്രുതകർമ്മസേനാംഗത്തെ വാൾ ഉപയോഗിച്ച് ആക്രമിച്ചതായും പൊലീസ് ആരോപിച്ചു.
സമരം രാജ്യവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്നും വിദേശഫണ്ടിന്റെ സാധ്യത പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയെ കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.











