11:32am 09 November 2026
NEWS
ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കേന്ദ്രസർക്കാർ തീരുമാനം നാളെ; ചർച്ചയ്ക്ക് പിന്നാലെ സമരം കടുപ്പിക്കാൻ സിജെപി
24/07/2026  03:27 PM IST
nila
ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കേന്ദ്രസർക്കാർ തീരുമാനം നാളെ; ചർച്ചയ്ക്ക് പിന്നാലെ സമരം കടുപ്പിക്കാൻ സിജെപി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രസർക്കാർ പ്രതിനിധികളും തമ്മിൽ നടത്തിയ നിർണായക ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് സിജെപി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് സിജെപിയെ പ്രതിനിധീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് സിജെപിയുടെ പ്രധാന ആവശ്യം. കൂടാതെ, ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും പിൻവലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഈ മൂന്ന് ആവശ്യങ്ങളിൽ രണ്ടിനോട് കേന്ദ്രം അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് സിജെപി അറിയിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി സംബന്ധിച്ച ആവശ്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രം നാളെ ഉച്ചയ്ക്ക് 2.30 വരെ സമയം തേടിയിരിക്കുകയാണ്. രാജിയില്ലെങ്കിൽ രാജ്യവ്യാപകമായി സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.

ഇതിനിടെ, വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം പാർലമെന്റിലും പ്രതിഷേധം ശക്തമാക്കി. തുടർച്ചയായ അഞ്ചാം ദിവസവും പ്രതിഷേധം കാരണം ലോക്‌സഭാ നടപടികൾ തടസ്സപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സഭയിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെങ്കിലും പ്രതിപക്ഷമാണ് അത് തടയുന്നതെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു.

ചർച്ച നടത്തണമെന്ന നിലപാടാണ് നിരവധി പ്രതിപക്ഷ എംപിമാർക്കുമുള്ളതെന്നും, അതിനായി രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയിലെ അംഗങ്ങളെ സമ്മതിപ്പിക്കണമെന്നും റിജിജു ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ കർശനമായ നിയമം കൊണ്ടുവരുമെന്നും, കുറ്റക്കാർക്കെതിരെ അതിവേഗ കോടതികളിലൂടെ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കാതെ വിഷയത്തിൽ പരിഹാരമില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രതിപക്ഷം സഭയിൽ പ്രതിഷേധം തുടർന്നു. സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാത്തതിനെ തുടർന്ന് ലോക്‌സഭ തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img