07:36pm 30 August 2026
NEWS
‘ വിശുദ്ധരല്ല, സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്’; സോനം വാങ്‌ചുകിന്റെ തുറന്നുപറച്ചിൽ
30/08/2026  06:30 PM IST
nila
‘ വിശുദ്ധരല്ല, സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്’; സോനം വാങ്‌ചുകിന്റെ തുറന്നുപറച്ചിൽ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പി. സ്ഥാപകർ രാഷ്ട്രീയ താൽപര്യങ്ങളൊന്നുമില്ലാത്ത ‘വിശുദ്ധരല്ലെന്നും’ ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ആഗ്രഹം അവർക്കുണ്ടാകാമെന്നും വാങ്‌ചുക് വ്യക്തമാക്കി. യുവാക്കൾക്ക് രാഷ്ട്രീയത്തിൽ താൽപര്യം തോന്നുന്നതിൽ തെറ്റില്ലെന്നും കൂടുതൽ യുവാക്കൾ സജീവ രാഷ്ട്രീയത്തിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു വാങ്‌ചുക്.

 “അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അവരെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. എന്നാൽ ഇത് അവരെക്കുറിച്ചുള്ള എന്റെ വിലയിരുത്തലാണ്. അതിൽ തെറ്റൊന്നുമില്ല,” അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന സമയത്ത് സി.ജെ.പി. നേതാക്കളിലൊരാളായ അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില വിമർശകർ തന്നെ സമീപിച്ചിരുന്നുവെന്നും വാങ്‌ചുക് പറഞ്ഞു. എന്നാൽ ഒരാൾ മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നുവെന്നത് താൻ നെഗറ്റീവായി കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യമുണ്ടെങ്കിൽ അതാകാമെന്നും, എന്നാൽ നിലവിലെ സമരവേദിയെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയ്ക്കായി ഉപയോഗിക്കരുതെന്നും താൻ അവരോട് നിർദേശിച്ചിരുന്നതായും വാങ്‌ചുക് പറഞ്ഞു. സമരത്തെ രാഷ്ട്രീയ പാർട്ടികളുടെ വേദിയാക്കാതെ രാഷ്ട്രീയരഹിതവും നിഷ്പക്ഷവുമായ സമ്മർദശക്തിയായി നിലനിർത്തിയാൽ കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഈ സ്വഭാവം നിലനിർത്താൻ സംഘാടകർക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാങ്‌ചുക് കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭമെന്നതിനേക്കാൾ ഒരു പൊതുവിദ്യാർഥി പ്രസ്ഥാനമായാണ് ജനങ്ങൾ സമരത്തെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുപ്രവർത്തന രംഗത്ത് കരിയർ ആരംഭിക്കുന്നത് നല്ല കാര്യമാണെന്നും വാങ്‌ചുക് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img