10:54am 10 October 2026
NEWS
‘മോദി ഭയന്നിരിക്കുന്നു, ഏകാധിപതി’; സമരത്തിന് തൊട്ടുമുമ്പും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജിത്ത് ദീപ്കെ
10/10/2026  09:55 AM IST
nila
‘മോദി ഭയന്നിരിക്കുന്നു, ഏകാധിപതി’; സമരത്തിന് തൊട്ടുമുമ്പും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജിത്ത് ദീപ്കെ

 

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. രാജ്യത്തെ യുവാക്കളെ മോദി ഭയപ്പെടുകയാണെന്നും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപ്കെ.

രാജ്യത്തെ യുവാക്കളെ ഇത്രയധികം ഭയപ്പെടുന്നുവെങ്കിൽ പ്രധാനമന്ത്രി പദത്തിൽ തുടരുന്നത് എന്തിനാണെന്ന് മോദിയോട് ദീപ്കെ ചോദിച്ചു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ മോദി പരാജയം സമ്മതിച്ചുവെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിലും ആരോപിച്ചു.

സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോയെന്നും ദീപ്കെ ചോദിച്ചു. പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും വിന്യസിക്കാൻ മാത്രം ഗ്യാനേഷ് കുമാർ അവർക്ക് പ്രിയപ്പെട്ടവനാണോയെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രിക്കുള്ളതെന്നും ദീപ്കെ അവകാശപ്പെട്ടു.

ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിഷേധം തങ്ങളുടെ മൗലികാവകാശമാണെന്നും വ്യക്തമാക്കി.

ഡൽഹിയിൽ കനത്ത സുരക്ഷ

സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിന് പുറമേ താൽക്കാലിക മുള്ളുവേലികളും ഒരുക്കുന്നുണ്ട്. വാഹനഗതാഗതം നിയന്ത്രിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു.

പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ഫ്ലാഗ് മാർച്ച് നടത്തി. ഇതിനിടെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് പത്തോളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img