11:32am 29 August 2026
NEWS
ദേശീയതലത്തിൽ മൂന്നാം മുന്നണിക്ക് നീക്കം; സി.ജെ.പി, ഡി.എം.കെ, ആം ആദ്മി പാർട്ടികൾ കൈകോർക്കുമെന്ന് സൂചന
29/08/2026  07:16 AM IST
nila
ദേശീയതലത്തിൽ മൂന്നാം മുന്നണിക്ക് നീക്കം; സി.ജെ.പി, ഡി.എം.കെ, ആം ആദ്മി പാർട്ടികൾ കൈകോർക്കുമെന്ന് സൂചന

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയതലത്തിൽ പുതിയൊരു മൂന്നാം മുന്നണിക്ക് നീക്കം നടക്കുന്നതായി സൂചന. നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.), ഇന്ത്യസഖ്യത്തിൽനിന്ന് അകന്ന ഡി.എം.കെ., ആം ആദ്മി പാർട്ടി (എ.എ.പി.) എന്നിവ ചേർന്ന് മുന്നണി രൂപീകരിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് സൂചന.

നീറ്റ് ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭം ശ്രദ്ധ നേടിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് സി.ജെ.പി. പാർട്ടി. ഇതിനിടെയാണ് ഡി.എം.കെ.യുമായും എ.എ.പി.യുമായും ചേർന്ന് പുതിയ രാഷ്ട്രീയ മുന്നണിക്ക് രൂപം നൽകുമെന്ന അഭ്യൂഹം ശക്തമായത്.

അടുത്തിടെ ഒരു വാർത്താ ചാനൽ ചർച്ചയിൽ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരായി പരാമർശിച്ചത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരെയായിരുന്നു. ഈ പരാമർശമാണ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ ശക്തി പകർന്നത്.

അഭിജീത് ദീപ്‌കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നതും ശ്രദ്ധേയമാണ്. 2020 മുതൽ 2023 വരെ എ.എ.പിയുടെ സാമൂഹികമാധ്യമ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം കെജ്‌രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ കമ്യൂണിക്കേഷൻ വിഭാഗം ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തിലെ സഖ്യസമവാക്യങ്ങളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് അധികാരം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്, വി.സി.കെ., മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികൾ സഖ്യത്തിൽനിന്ന് പിന്മാറി ഭരണകക്ഷിയായ ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ടി.വി.കെ.യ്ക്കൊപ്പം തുടരുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസും ഡി.എം.കെ.യും തമ്മിലുള്ള ബന്ധവും നിലവിൽ ഏറെ വഷളായ സാഹചര്യത്തിലാണ്. ഡി.എം.കെ.യുമായി സഹകരിച്ചിരുന്ന ഇടതുപക്ഷം സർക്കാർ രൂപീകരിക്കാൻ ടി.വി.കെ.യ്ക്ക് പിന്തുണ നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ഔദ്യോഗികമായി ഒരു സഖ്യത്തിലും ഇല്ലെന്നാണ് വിവരം.

ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് സി.ജെ.പി., ഡി.എം.കെ., എ.എ.പി. എന്നിവയെ ഉൾപ്പെടുത്തി ദേശീയതലത്തിൽ പുതിയൊരു രാഷ്ട്രീയ ബദലിനുള്ള സാധ്യത ചർച്ചയാകുന്നത്. എന്നാൽ മുന്നണി രൂപീകരണം സംബന്ധിച്ച് കക്ഷികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img