
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഘടനാപരമായ പരിഷ്കാരങ്ങൾ വേണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങി സിജെപി. ഒക്ടോബർ 10ന് ജന്തർ മന്തറിൽ ‘ഡൽഹി ചലോ’ എന്ന ആഹ്വാനവുമായി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ് അറിയിച്ചു.
പ്രതിഷേധത്തിന് അനുമതി തേടി ഡൽഹി പൊലീസിന് ബുധനാഴ്ച ഔദ്യോഗികമായി കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ക്രമസമാധാനവും ഗതാഗത നിയന്ത്രണവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുമതി പത്രം കൈപ്പറ്റിയതായും സൗരവ് ദാസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി മാത്രമല്ല, കമ്മിഷന്റെ പ്രവർത്തനങ്ങളിൽ കൃത്യമായ പരിഷ്കാരങ്ങളാണ് തങ്ങളുടെ ആവശ്യമെന്നും സൗരവ് ദാസ് വ്യക്തമാക്കി. പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ മരവിപ്പിക്കണമെന്നും ഇതിനിടെ സ്വീകരിച്ച തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇത് ദീർഘകാല പോരാട്ടമാണ്’ എന്ന് വിശേഷിപ്പിച്ച സൗരവ് ദാസ് ഒക്ടോബർ 10ലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാർ രാജിവച്ചാലും പോരാട്ടം അവസാനിപ്പിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വോട്ടർപട്ടിക പുതുക്കൽ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ രംഗത്തെത്തി. വിദ്യാർഥി സംഘടനകളും ഇന്ത്യ സഖ്യവും ഒരു വശത്തും തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും മറുവശത്തുമാണെന്നാണ് നേഹ ബോറയുടെ ആരോപണം.
ഒക്ടോബർ 10ന് നടക്കുന്ന പ്രതിഷേധത്തിൽ വിവിധ സംഘടനകൾ ഒരുമിച്ച് പങ്കെടുക്കുമെന്നും നേഹ ബോറ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ യുവാക്കളും സംഘടനകളും രംഗത്തെത്തണമെന്ന് അവർ ആഹ്വാനം ചെയ്തു.










