
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിന് യുവതീ യുവാക്കൾ പ്രതിഷേധത്തിൽ അണിചേർന്നു.
രാവിലെ 10 മണിയോടെ ആരംഭിച്ച സമരത്തിന് വൈകിട്ട് 5 മണിവരെ അനുമതി നൽകിയിട്ടുണ്ട്. യുഎസിൽ നിന്ന് ഡൽഹിയിലെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, ഡൽഹി പോലീസിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് സമരവേദിയിലെത്തിയത്. ഡോ. ബി ആർ അംബേദ്കറുടെ ആത്മകഥ കൈയിലെന്തിയാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തേക്കെത്തിയത്.
ഇതൊരു നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെ നിന്ന് തുടച്ചുമാറ്റാൻ ആവില്ലെന്നും ജനക്കൂട്ടത്തെ അഭിസംബോധ ചെയ്ത് അഭിജീത് ദിപ്കെ പറഞ്ഞു. ‘‘എന്റെ സുഹൃത്തുക്കളെ, ഇതൊരു നീണ്ട പോരാട്ടമാണ്. ധർമേന്ദ്ര പ്രധാന്റെ രാജി നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ട് ഒരുമാസമായിരിക്കുകയാണ്. എന്നാൽ നടപടിയെടുക്കുന്നതിന് പകരം നാണമില്ലാത്ത ഇവർ നമ്മുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാനുമാണ് ശ്രമിക്കുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കഴിയുമായിരിക്കും. എന്നാൽ ഇവിടെ നിന്ന് ഞങ്ങളെ തുടച്ചുമാറ്റാൻ നിങ്ങൾക്കാവില്ല’’ – അഭിജീത് ദിപ്കെ പറഞ്ഞു.
ധർമേന്ദ്രയുടെ രാജിയോടൊപ്പം മറ്റ് അഞ്ച് ആവശ്യങ്ങളും സിജെപി മുന്നോട്ട് വച്ചിട്ടുണ്ട്. കൃത്യമായ പരിശീലനത്തിന് ശേഷം മാത്രം വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റലൈസേഷൻ, കലാപബാധിത മണിപ്പുരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം സാധാരണനിലയിലെത്തിക്കുക, വിദ്യാർഥികളെയും മാതാപിതാക്കളെയും ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കുക, കുട്ടികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക, മത്സരപ്പരീക്ഷകളിൽ നീതിയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണ് അവ.
ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നിടത്ത് സിജെപി പ്രവർത്തകർ ലഘുലേഖകൾ വിതരണം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെടുന്ന ലഘുലേഖകളാണിത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമർപ്പിച്ച പെറ്റീഷനിൽ 8 ലക്ഷത്തിൽ അധികം പേരാണ് ഒപ്പിട്ടതെന്നും ലഘുലേഖയിൽ പറയുന്നുണ്ട്.










