01:09am 08 September 2026
NEWS
‘യുവതലമുറയെ മോശക്കാരാക്കുന്നു’; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി
06/09/2026  11:21 AM IST
nila
‘യുവതലമുറയെ മോശക്കാരാക്കുന്നു’; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി

ന്യൂഡൽഹി: ചോദ്യം ചോദിക്കുന്ന യുവതലമുറയെ ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു തലമുറയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയാണെന്ന് സൗരവ് ദാസ് ആരോപിച്ചു.

രാജ്യത്തെ ഒരു ലക്ഷത്തോളം സ്കൂളുകൾ അടച്ചുപൂട്ടിയതും തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറച്ചതുമൊന്നും പ്രധാനമന്ത്രി കണ്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകർക്ക് അവധി നിഷേധിക്കുന്ന സാഹചര്യം, വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദ്ദം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രി ചർച്ച ചെയ്യേണ്ടിയിരുന്നതെന്നും സൗരവ് ദാസ് പറഞ്ഞു.

പകരം, രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു തലമുറയെ മുഴുവൻ മോശക്കാരായി ചിത്രീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നാണ് സിജെപിയുടെ ആരോപണം. യുവാക്കൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകേണ്ട പ്രധാനമന്ത്രി അവർക്കുമേൽ ഇത്തരം മുദ്രകുത്തലുകൾ നടത്തരുതെന്നും സൗരവ് ദാസ് പറഞ്ഞു.

‘മന്ത്രിസഭാ പുനസംഘടന വൈകുന്നത് കലാപം കാരണം’

കേന്ദ്രമന്ത്രിസഭാ പുനസംഘടന വൈകുന്നതിന് പിന്നിൽ മന്ത്രിസഭയ്ക്കുള്ളിലെ അസംതൃപ്തിയും കലാപവുമാണെന്നും സിജെപി ആരോപിച്ചു. ഏഴ് മന്ത്രിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ലെന്നാണ് സൗരവ് ദാസിന്റെ ആരോപണം.

മറ്റ് പാർട്ടികളിൽനിന്ന് എത്തിയവർക്ക് വഴിയൊരുക്കുന്നതിനായി രാജിവയ്ക്കാൻ പലരും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി മുതിർന്ന നേതാക്കൾ അസംതൃപ്തരാണെന്നും കേന്ദ്ര ഏജൻസികളുടെ ഭീഷണി കാരണം പലർക്കും പാർട്ടി വിടാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സൗരവ് ദാസ് ആരോപിച്ചു.

അതേസമയം, ജന്തർ മന്തറിൽ നടത്തിയ സമരങ്ങളിലൂടെ എന്താണ് നേടിയതെന്ന് ചിലർ ചോദിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിന്റെ നയങ്ങളെയും യുവാക്കളോടുള്ള സമീപനത്തെയും വിമർശിച്ചുകൊണ്ടായിരുന്നു സൗരവ് ദാസിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img