05:51pm 14 October 2026
NEWS
ജന്തർ മന്തറിൽ നാടകീയ നീക്കം; പൊലീസ് നിയന്ത്രണം മറികടന്ന് സിജെപി പ്രവർത്തകർ; മൂന്ന് പേർ കസ്റ്റഡിയിൽ
13/10/2026  10:32 AM IST
nila
ജന്തർ മന്തറിൽ നാടകീയ നീക്കം; പൊലീസ് നിയന്ത്രണം മറികടന്ന് സിജെപി പ്രവർത്തകർ; മൂന്ന് പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: കനത്ത പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് സിജെപി നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിൽ പ്രവേശിച്ചു. സമീപത്തെ ജെഡിയു ഓഫിസിന്റെ ഗേറ്റിനു മുകളിലൂടെ ചാടിയാണ് പ്രവർത്തകർ പ്രതിഷേധവേദിക്കുള്ളിൽ കടന്നത്. ത്രിവർണ പതാകയുമായെത്തിയ പ്രവർത്തകരുടെ പ്രവേശനത്തിന്റെ ദൃശ്യങ്ങൾ സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തത്സമയം പുറത്തുവിട്ടു.

ജന്തർ മന്തറിൽ പ്രവേശിച്ച അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അഭിജിത് ദിപ്കെ എക്സിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത സുരക്ഷാ വലയത്തിലായിരുന്ന ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാരെത്തുന്നത് ഇതാദ്യമായാണ്.

ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സിജെപി പൊലീസിന് അപേക്ഷ നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്രതിഷേധം ആരംഭിക്കുമെന്നും സംഘടന അറിയിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകി ഒരു മണിക്കൂറിനുള്ളിൽ ജന്തർ മന്തർ സമരവേദിയല്ലെന്ന അറിയിപ്പ് പൊലീസ് പുറപ്പെടുവിച്ചു. അനുവദിച്ച 24 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് പ്രവർത്തകർ അപ്രതീക്ഷിതമായി ജന്തർ മന്തറിനുള്ളിൽ കടന്നത്.

പ്രതിഷേധക്കാരെ തടയാൻ ജന്തർ മന്തറിലേക്കുള്ള വഴിയിൽ മൂന്ന് നിര ബാരിക്കേഡുകളാണ് സ്ഥാപിച്ചിരുന്നത്. ഒരാളെപ്പോലും അകത്തേക്ക് കടത്തിവിടാത്ത വിധത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ. നേരിട്ടുള്ള പ്രവേശനം അസാധ്യമായതോടെയാണ് സമീപത്തെ ജെഡിയു ഓഫിസിന്റെ ഗേറ്റ് മറികടന്ന് പ്രവർത്തകർ അകത്തുകയറിയത്.

രണ്ടു ദിവസം മുൻപ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ സമീപത്തെ കേരള ഹൗസിന്റെ കവാടത്തിലൂടെ പുറത്തുവന്ന് ജന്തർ മന്തറിലേക്കുള്ള റോഡിൽ പ്രതിഷേധിച്ചിരുന്നു. എന്നാൽ അവർക്കും പ്രതിഷേധവേദിക്കുള്ളിലേക്ക് പ്രവേശിക്കാനായിരുന്നില്ല.

ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി അനുവദിക്കാത്ത നടപടിയെ മറികടന്ന് വേദി തിരിച്ചുപിടിക്കുമെന്ന നിലപാട് സിജെപി തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിയന്ത്രണങ്ങൾക്കിടെ പ്രവർത്തകർ ജന്തർ മന്തറിനുള്ളിൽ പ്രവേശിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img