06:58pm 09 October 2026
NEWS
സി.ജെ.പി പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിലെ മെട്രോ സർവീസ് പൂർണമായി തടയരുത്; നിയന്ത്രണങ്ങളിൽ ഇടപെട്ട് സുപ്രീംകോടതി
09/10/2026  04:29 PM IST
nila
സി.ജെ.പി പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിലെ മെട്രോ സർവീസ് പൂർണമായി തടയരുത്; നിയന്ത്രണങ്ങളിൽ ഇടപെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ സി.ജെ.പി ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെട്ട് സുപ്രീംകോടതി. മെട്രോ ട്രെയിൻ സർവീസ് പൂർണമായി തടയരുതെന്നും പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം അനാവശ്യ നിയന്ത്രണങ്ങളില്ലാതെ തുടരാൻ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഇത്തരം നടപടികൾ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെയും യാത്രാസൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാകരുത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ 'അനുപാതികതയുടെ തത്വം' പാലിക്കണമെന്ന നിലപാടിനോട് സൊളിസിറ്റർ ജനറലും യോജിച്ചു.

ഗതാഗത നിയന്ത്രണങ്ങൾ, വഴിതിരിച്ചുവിടലുകൾ, മറ്റ് നിർദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് മുൻകൂട്ടി അറിയാൻ കഴിയണം. ഇതിനായി പുതുക്കിയ നിർദേശങ്ങൾ പത്രങ്ങൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, മറ്റ് മാധ്യമങ്ങൾ എന്നിവയിലൂടെ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

പ്രതിഷേധക്കാരെയോ പ്രത്യേക വ്യക്തികളെയോ ലക്ഷ്യമിട്ടുള്ളതല്ല കോടതിയുടെ ഇടപെടലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാധാരണക്കാർക്ക് യാത്ര ചെയ്യാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനുമുള്ള അവസരം തടസ്സപ്പെടരുതെന്നതാണ് പ്രധാന ആശങ്ക. എല്ലാവർക്കും സ്വകാര്യ വാഹനങ്ങളില്ലെന്നും വലിയൊരു വിഭാഗം ജനങ്ങൾ യാത്രയ്ക്കായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം. എന്നാൽ അതിന്റെ പേരിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്. ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കുന്നതിന് തുല്യമായ നടപടികൾ സ്വീകരിക്കരുതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

അതേസമയം, പ്രതിഷേധിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രതിഷേധ സംഘാടകർക്ക് ഏർപ്പെടുത്തിയ വിലക്കുകളിലും ഇടപെടൽ തേടണമെങ്കിൽ സംഘാടകർക്ക് പുതിയ അടിയന്തര ഹർജി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img