ഇന്ത്യന് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനല്കുന്ന പൗരാവകാശങ്ങളെയും ദുര്ബലപ്പെടുത്തുന്ന കേന്ദ്രസര്ക്കാരിന്റെ സമീപനം അത്യന്തം ആശങ്കാജനകമാണെന്ന് കേരള റീജിയന് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി) രാഷ്ട്രീയകാര്യസമിതി ചൂണ്ടിക്കാട്ടി.
ജനാധിപത്യം കേവലം തിരഞ്ഞെടുപ്പുകളില് ഒതുങ്ങുന്നതല്ല. അഭിപ്രായസ്വാതന്ത്ര്യം, മതനിരപേക്ഷത, സാമൂഹികനീതി, ന്യൂനപക്ഷാവകാശങ്ങള്, സ്വതന്ത്ര മാധ്യമപ്രവര്ത്തനം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, പാര്ലമെന്റിലെ അര്ഥവത്തായ ചര്ച്ചകള് എന്നിവയും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. വിമര്ശനങ്ങളെയും വിയോജിപ്പുകളെയും സംശയത്തോടെ കാണുകയും അധികാരം കേന്ദ്രീകരിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവര്ത്തനത്തെ ദുര്ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകള് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള് ഉയര്ത്തുന്നു.
വോട്ടര്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയെ സംബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ഉയര്ന്നുവരുന്ന പ്രതിഷേധങ്ങളും ആശങ്കകളും ഗൗരവത്തോടെ പരിഗണിക്കണം. വോട്ടര്പട്ടികയില്നിന്ന് പേരുകള് വ്യാപകമായി നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ചും നടപടിക്രമങ്ങളിലെ സുതാര്യതയെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ചും പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള് സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ പരിശോധനയ്ക്ക് വിധേയമാക്കണം. വിമര്ശനങ്ങളെ അടിച്ചമര്ത്തുന്നതിനു പകരം ഉയരുന്ന ചോദ്യങ്ങള്ക്ക് വ്യക്തവും സുതാര്യവുമായ മറുപടി നല്കുകയാണ് ജനാധിപത്യ ഭരണസംവിധാനം ചെയ്യേണ്ടത്.
വോട്ടവകാശം ഭരണകൂടം നല്കുന്ന ഔദാര്യമല്ല; ജനാധിപത്യത്തില് പൗരന് ഭരണഘടന ഉറപ്പുനല്കുന്ന അടിസ്ഥാന അവകാശമാണ്. വോട്ടര്പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതോടൊപ്പം അര്ഹരായ എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള അവസരവും ഉറപ്പാക്കണം. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന് അധികാരികള് തയ്യാറാകണമെന്നും ഇന്ത്യന് ജനാധിപത്യത്തിന്റെ ബഹുസ്വരതയും ഭരണഘടനാപരമായ മൂല്യങ്ങളും സംരക്ഷിക്കാന് ജാഗ്രതയോടെ നിലകൊള്ളണമെന്നും കെആര്എല്സിസി അഭ്യര്ഥിച്ചു.
പാര്ലമെന്റിനെയും ജനാധിപത്യ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതിനുപകരം അവയുടെ പ്രവര്ത്തനങ്ങളെ പരിമിതപ്പെടുത്തുന്ന സമീപനങ്ങള് അവസാനിപ്പിക്കണം. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്, തൊഴിലില്ലായ്മ, വിലക്കയറ്റം, തൊഴിലാളികളുടെ അവകാശങ്ങള്, സാമൂഹിക അസമത്വം എന്നിവയ്ക്ക് പരിഹാരം കാണുന്നതില് ഭരണകൂടം കൂടുതല് ഉത്തരവാദിത്വം പുലര്ത്തണം. ജനാധിപത്യം അധികാരത്തിന്റെ ഉപകരണമല്ല; ജനങ്ങളുടെ അവകാശങ്ങള് സംരക്ഷിക്കുന്ന ഭരണസംവിധാനമാണ്. ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും നീതിയും സംരക്ഷിക്കാന് എല്ലാ ജനാധിപത്യവിശ്വാസികളും ഒരുമിച്ച് നിലകൊള്ളണമെന്നും കെആര്എല്സിസി അഭ്യര്ഥിച്ചു.









