02:48am 13 November 2026
NEWS
സിഐഎസ്എഫ് വന്ദേ മാതരം കോസ്റ്റല്‍ സൈക്ലത്തോണിന് കൊച്ചിയില്‍ ഗംഭീര സമാപനം


23/02/2026  10:50 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സിഐഎസ്എഫ് വന്ദേ മാതരം കോസ്റ്റല്‍ സൈക്ലത്തോണിന്  കൊച്ചിയില്‍ ഗംഭീര സമാപനം.

 

കൊച്ചി: ഐക്യത്തിന്റെയും ജാഗ്രതയുടെയും ദേശീയ ദൃഢനിശ്ചയത്തിന്റെയും സന്ദേശവുമായി 'സുരക്ഷിത തീരങ്ങള്‍, സമൃദ്ധ ഇന്ത്യ' എന്ന പ്രമേയവുമായി ഡല്‍ഹിയില്‍ നിന്നാരംഭിച്ച് കിഴക്കന്‍, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലൂടെ 6,553 കിലോമീറ്റര്‍ പിന്നിട്ട് 25 ദിവസം നീണ്ടുനിന്ന സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റല്‍ സൈക്ലത്തോണിന്റെ രണ്ടാം പതിപ്പ് ഗംഭീരവും വൈകാരികവുമായ ചടങ്ങോടെ കൊച്ചിയില്‍ സമാപിച്ചു.

തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടന്ന സമാപന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാര്‍, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പ്രവീര്‍ രഞ്ജന്‍, ഫുട്‌ബോള്‍ പ്രതിഭ ഐ.എം. വിജയന്‍, ഇന്ത്യന്‍ ബാഡ്മിന്റണ്‍ പരിശീലകന്‍ ജോയ് ടി. ആന്റണി, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മേജര്‍ രവി, വിജയ് ബാബു, പ്രയാഗ മാര്‍ട്ടിന്‍, മാനസ രാധാകൃഷ്ണന്‍, പ്രശസ്ത സംഗീതസംവിധായകന്‍ രതീഷ് വേഗ എന്നിവരുള്‍പ്പെടെ നിരവധി  വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു. ജനുവരി 28ന് ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് നാഷനല്‍ സ്റ്റേഡിയത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സൈക്ലത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ തീരദേശ സൈക്ലിങ് ക്യാംപെയ്‌നുകളില്‍ ഒന്നായ വന്ദേമാതരം കോസ്റ്റല്‍ സൈക്ലത്തോണില്‍ പകുതിയോളം വനിതകള്‍ ഉള്‍പ്പെടെ സിഐഎസ്എഫ് സൈക്ലിസ്റ്റുകളുടെ രണ്ടു ടീമുകളാണ് ഒരേസമയം പങ്കെടുത്തത്. പടിഞ്ഞാറന്‍ തീരത്തുനിന്നു പുറപ്പെട്ട ടീം ഗുജറാത്തിലെ കച്ച്, ലഖത് കോട്ടയില്‍ നിന്ന് ആരംഭിച്ച് സൂറത്ത്, മുംബൈ, ഗോവ, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലൂടെയും കിഴക്കന്‍ തീരത്തുനിന്നു പുറപ്പെട്ട ടീം ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ ബഖാലിയില്‍ നിന്ന് ആരംഭിച്ച് ഹാല്‍ദിയ, കൊണാര്‍ക്ക്, പാരദീപ്, വിശാഖപട്ടണം, ചെന്നൈ, പുതുച്ചേരി, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലൂടെയും എത്തിയാണ് കൊച്ചിയില്‍ സംഗമിച്ചത്.

മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, നുഴഞ്ഞുകയറ്റം തുടങ്ങിയ ഭീഷണികളെക്കുറിച്ചുള്ള അവബോധം വന്ദേ മാതരത്തിന്റെ 150 ാം വാര്‍ഷിക വേളയില്‍ സൈക്ലത്തോണ്‍ വര്‍ദ്ധിപ്പിച്ചതായി സിഐഎസ്എഫ് ഓഫീസര്‍മാര്‍ പറഞ്ഞു. തീരദേശ സമൂഹങ്ങള്‍, യുവാക്കള്‍, സ്ത്രീകള്‍, മത്സ്യത്തൊഴിലാളികള്‍, സഹോദര സുരക്ഷാ ഏജന്‍സികള്‍, വ്യവസായ പങ്കാളികള്‍, സിവില്‍ സമൂഹം എന്നിവ പരിപാടിയുമായി സഹകരിച്ചു.
ഒമ്പത് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച സൈക്ലത്തോണ്‍, ചരിത്ര പ്രധാന തുറമുഖങ്ങള്‍, തിരക്കേറിയ വ്യാവസായിക കേന്ദ്രങ്ങള്‍, മത്സ്യബന്ധന ഗ്രാമങ്ങള്‍, വിനോദസഞ്ചാര ബീച്ചുകള്‍ എന്നിവയെ കോര്‍ത്തിണക്കി ഇന്ത്യയുടെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുമായും സുരക്ഷയുമായും ബന്ധിപ്പിച്ചു. 

സൈക്ലത്തോണിന്റെ സവിശേഷത അതിന്റെ ആഴത്തിലുള്ള അടിസ്ഥാന ഇടപെടലായിരുന്നുവെന്നും സിഐഎസ്എഫ് ഓഫീസര്‍മാര്‍ പറഞ്ഞു. ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത 52 തീരദേശ ഗ്രാമങ്ങളില്‍ സിഐഎസ്എഫ് സൈക്ലിസ്റ്റുകള്‍ രാത്രി മുഴുവന്‍ തങ്ങി, നാട്ടുകാര്‍ക്കിടയില്‍ താമസിച്ചു, ഭക്ഷണം പങ്കിട്ടു, പ്രാദേശിക സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍, മുതിര്‍ന്നവര്‍, യുവജന ഗ്രൂപ്പുകള്‍, വനിതാ സ്വയം സഹായ കൂട്ടായ്മകള്‍ എന്നിവരുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തി. ഈ ഇടപെടലുകള്‍ പ്രതീകാത്മകമായിരുന്നില്ല; ഉപജീവന വെല്ലുവിളികള്‍, പാരിസ്ഥിതിക ആശങ്കകള്‍, സമുദ്ര അപകടസാധ്യതകള്‍, വികസന അഭിലാഷങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തന്ത്രപരവും ആത്മാര്‍ത്ഥവുമായ സംഭാഷണങ്ങളായിരുന്നു അവ.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടപെടലിനായി ഈ 52 ഗ്രാമങ്ങള്‍ ഔദ്യോഗികമായി ദത്തെടുത്തിരിക്കുകയാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) സംരംഭങ്ങളിലൂടെ ഒഎന്‍ജിസി, തുറമുഖ അധികാരികള്‍ ഉള്‍പ്പെടെയുള്ള പ്രധാന പങ്കാളികളുടെ പിന്തുണയുമായി ഫിറ്റ്നസ്, വെല്‍നസ് ക്യാമ്പുകള്‍, റിക്രൂട്ട്മെന്റ് അവബോധ - കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍, സ്വച്ഛ് ഭാരത് ഡ്രൈവുകള്‍,
പരിസ്ഥിതി സംരക്ഷണ കാമ്പെയ്നുകള്‍, സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധ പരിപാടി, സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികാസ പിന്തുണ, വിദ്യാഭ്യാസ കിറ്റുകളുടെ വിതരണം എന്നിവ നടത്തും.സിഐഎസ്എഫിന്റെ 47 തീരദേശ യൂണിറ്റുകള്‍ ഈ ദീര്‍ഘകാല ഇടപെടല്‍ നീക്കത്തിന് നേതൃത്വം നല്‍കും, സൈക്ലത്തോണിനപ്പുറം തുടര്‍ച്ച ഉറപ്പാക്കുകയും അവബോധത്തെ സുസ്ഥിര പങ്കാളിത്തമാക്കി മാറ്റുകയും ചെയ്യും.

യുവാക്കള്‍, സ്ത്രീകള്‍

രണ്ട് തീരങ്ങളിലും, യുവാക്കളുടെ പങ്കാളിത്തം ഗണനീയമായിരുന്നു. എന്‍സിസി കേഡറ്റുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രാദേശിക സ്പോര്‍ട്സ് ക്ലബ്ബുകളും സൈക്ലിസ്റ്റുകളുമായി ചേര്‍ന്ന് റാലികള്‍ സംഘടിപ്പിച്ചു. സമുദ്ര ജാഗ്രതയെയും ദേശീയ വികസനത്തെയും കുറിച്ചുള്ള സംവേദനാത്മക പരിപാടികളില്‍ പങ്കെടുത്തു. വോളിബോള്‍, ഫുട്‌ബോള്‍ മുതല്‍ വടംവലി വരെയുള്ള കായിക വിനോദങ്ങളില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഗ്രാമീണ യുവാക്കളും പങ്കാളികളായി.യുവാക്കള്‍ക്ക്, ദേശീയ സുരക്ഷാ സേനയുമായുള്ള അവരുടെ ആദ്യത്തെ നേരിട്ടുള്ള ഇടപെടലായിരുന്നു ഇത്.

സൈക്ലിംഗ് സംഘത്തിലെ 50% സ്ത്രീ പങ്കാളിത്തം മാറ്റത്തിന്റെ ശക്തമായ പ്രതീകമായി വേറിട്ടു നിന്നു. ഗുജറാത്തിലെ തീരദേശ ഗ്രാമങ്ങള്‍ മുതല്‍ കര്‍ണാടകയിലെ മത്സ്യബന്ധന ഗ്രാമങ്ങളിലും തമിഴ്നാടിന്റെ തെക്കന്‍ തീരങ്ങളിലും, യൂണിഫോമിലും റൈഡിംഗ് ഗിയറിലുമെത്തിയ വനിതാ സൈക്ലിസ്റ്റുകളെ ആരാധനയോടെ സ്ത്രീകള്‍ വീക്ഷിച്ചു. യുവതികള്‍ ടീമുകള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടി, പരിശീലനത്തെയും കരിയറിനെയും കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. യൂണിഫോമില്‍ സേവനമനുഷ്ഠിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സ്ത്രീകള്‍ ഇത്തരമൊരു ദേശീയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത് കാണുന്നതിന്റെ പ്രചോദനാത്മകമായ സ്വാധീനം കുടുംബങ്ങള്‍ പരസ്യമായി അംഗീകരിച്ചു.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ഇടപെടലുകള്‍ക്ക് ആഴം വര്‍ദ്ധിപ്പിച്ചു.പല ഗ്രാമങ്ങളിലും, വനിതാ സ്വയം സഹായ സംഘങ്ങള്‍ രംഗത്തുവന്നു.

തീരദേശത്തിന്റെ സ്വാഭാവിക കാവല്‍ക്കാരായ മത്സ്യത്തൊഴിലാളികളുടെ നിര്‍ണായക പ്രതിബദ്ധത സൈക്ലത്തോണ്‍ വീണ്ടും ഉറപ്പിച്ചു. കള്ളക്കടത്തും സംശയാസ്പദമായ സമുദ്ര പ്രവര്‍ത്തനവും തടയാന്‍ പ്രാദേശിക ജാഗ്രത എങ്ങനെ സഹായിക്കുമെന്ന് തുറമുഖങ്ങളിലും മത്സ്യബന്ധന ഡോക്കുകളിലും നടന്ന സംവേദനാത്മക സെഷനുകള്‍ ഊന്നിപ്പറഞ്ഞു. ഉത്തരവാദിത്തമുള്ള അനൗപചാരിക കാവല്‍ക്കാരായി പ്രവര്‍ത്തിക്കുമെന്ന് മത്സ്യത്തൊഴിലാളികളും പഞ്ചായത്ത് നേതാക്കളും യുവ ഫോറങ്ങളും പ്രതിജ്ഞയെടുത്തു.

ബീച്ച് വൃത്തിയാക്കല്‍, പ്ലാന്റേഷന്‍ ഡ്രൈവുകള്‍, സ്വച്ഛ് ഭാരത് സംരംഭങ്ങള്‍ എന്നിവ യാത്രയുടെ ഭാഗമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തെ സമുദ്ര സമൃദ്ധിയുമായി ബന്ധിപ്പിക്കുന്നതിലൂടെ, സുരക്ഷിതവും വൃത്തിയുള്ളതുമായ തീരങ്ങള്‍, ടൂറിസം, മത്സ്യബന്ധനം, സുസ്ഥിര വളര്‍ച്ച എന്നിവ സാധ്യമാകുമെന്ന് സൈക്ലത്തോണ്‍ വ്യക്തമാക്കി.ഫിറ്റ്നസ് പ്രകടനങ്ങള്‍, ആയോധനകല പ്രദര്‍ശനങ്ങള്‍, പൊതു സൈക്ലിംഗ് പരിപാടികള്‍ എന്നിവയും വ്യാപകമായി സംഘടിപ്പിച്ചു.കൊച്ചിയിലെ തീരദേശ സമൂഹങ്ങള്‍ക്ക് സൈക്ലിസ്റ്റുകള്‍ പ്രതീകാത്മകമായി ജാഗ്രതയുടെ ബാറ്റണ്‍ കൈമാറി. സന്ദേശം വ്യക്തമായിരുന്നു: സുരക്ഷിത തീരങ്ങള്‍ നിര്‍മ്മിക്കുന്നത് സായുധ സേനകളാല്‍ മാത്രമല്ല, പൗരന്മാരുടെ പങ്കാളിത്തം മുഖ്യമാണ്.

സമാപനച്ചടങ്ങില്‍ തീരദേശ സമൂഹങ്ങള്‍, യുവജന ഗ്രൂപ്പുകള്‍, വനിതാ കൂട്ടായ്മകള്‍, സഹോദര സുരക്ഷാ ഏജന്‍സികള്‍, വ്യവസായ പങ്കാളികള്‍, സിവില്‍ ഭരണകൂടം എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുകൂടി. സൈക്ലത്തോണ്‍ ഒരു അവസാന ബിന്ദുവല്ല, മറിച്ച് ഒരു തുടക്കമാണെന്ന് മുതിര്‍ന്ന സിഐഎസ്എഫ് നേതൃത്വം ഊന്നിപ്പറഞ്ഞു.' പൗരന്മാരുടെ പങ്കാളിത്തത്തോടെ സമുദ്ര സുരക്ഷയെ യോജിപ്പിക്കുന്ന ഒരു ഘടനാപരമായ ഔട്ട്റീച്ച് ചട്ടക്കൂട് ആണ് സൈക്ലത്തോണിന്റെ ലക്ഷ്യം. ആത്മവിശ്വാസമുള്ളതും, അവബോധമുള്ളതും, പ്രചോദനം ഉള്‍ക്കൊണ്ടതുമായ ഒരു തീരദേശ ഇന്ത്യയുടെ ആവിര്‍ഭാവം ഇതുവഴി സാധ്യമാകും. മുന്നില്‍ നിന്ന് നയിക്കുന്ന യൂണിഫോം ധരിച്ച സ്ത്രീകളെ പെണ്‍കുട്ടികള്‍ കാണുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സൈക്കിള്‍ സവാരി ചെയ്യുമ്പോള്‍, സുരക്ഷ ഒരു അഭിലാഷമായി മാറുന്നു. അവബോധത്തെ പ്രവര്‍ത്തനമാക്കി മാറ്റുന്നതിനും പൗരന്മാരെ ദേശീയ സുരക്ഷയില്‍ പങ്കാളികളാക്കുന്നതിനുമാണ് ഈ സംരംഭം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img