
കൊച്ചി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സ് ( സി.ഐ.എസ്.എഫ് ) സംഘടിപ്പിക്കുന്ന വന്ദേമാതരം കോസ്റ്റല്‍ സൈക്ലോത്തോണ്‍ ഫെബ്രുവരി 22 ന് കൊച്ചിയിൽ സമാപിക്കും.ജനുവരി 28-ന് ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സൈക്ലോത്തോണ്‍ വെര്‍ച്വലായി ഫ്ലാഗ് ഓഫ് ചെയ്യും.
തീരദേശ സുരക്ഷയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്തുക, ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ പങ്കാളിത്തം പരിപോഷിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന ദേശീയ സംരംഭമാണെന്ന് കോസ്റ്റൽ സൈക്ലോത്തോണെന്ന് സി.ഐ.എസ്.എഫ് എ.പി.എസ് -II ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജോസ് മോഹന്‍ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിലെ പ്രധാനപ്പെട്ട തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് സൈക്ലോത്തോണ്‍ കേരളത്തിലെത്തുന്നത്.25 ദിവസങ്ങള്‍ കൊണ്ട് 6,553 കിലോമീറ്റര്‍ താണ്ടുന്ന ഈ സൈക്ലിംഗ് പര്യവേഷണം രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിപുലമായ തീരദേശ സൈക്ലിംഗ് ക്യാമ്പെയിനുകളില്‍ ഒന്നാണ്. സി.ഐ.എസ്. എഫ് സൈക്ലിസ്റ്റുകളുടെ രണ്ട് ടീമുകള്‍ ഒരേസമയം ഇന്ത്യന്‍ തീരദേശത്തിന്റെ രണ്ട് ഭാഗങ്ങളിൽ നിന്ന് യാത്ര ആരംഭിക്കും. പടിഞ്ഞാറന്‍ തീരത്ത് ഗുജറാത്തിലെ കച്ചിലുള്ള ലഖ്പത് കോട്ട, കിഴക്കന്‍ തീരത്ത് പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലുള്ള ബഖാലിയ എന്നിവിടങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത് .
രാജ്യത്തുടനീളമുള്ള തീരദേശ റോഡുകളിലൂടെ സഞ്ചരിച്ച ശേഷം ഇരു ടീമുകളും ഫെബ്രുവരി 22-ന് കൊച്ചിയിൽ സംഗമിക്കും.
65 വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആകെ 130 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സൈക്ലോത്തോണില്‍ പങ്കെടുക്കും. ഇതില്‍ പത്ത് സൈക്ലിസ്റ്റുകള്‍ കേരളത്തില്‍ നിന്നുള്ളവരാണ്..
'സുരക്ഷിത തീരം, സമൃദ്ധ ഭാരതം' എന്ന പ്രമേയത്തിലാണ് സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് ജോസ് മോഹന്‍ പറഞ്ഞു. സൈക്ലോത്തോൺ യാത്രയിലുടനീളം പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങളിലായി പത്ത് പ്രധാന പൊതുപരിപാടികള്‍ സംഘടിപ്പിക്കും. സാംസ്‌കാരിക പ്രകടനങ്ങള്‍, സാമൂഹിക സംവാദങ്ങള്‍, പ്രാദേശിക മത്സ്യത്തൊഴിലാളികളുമായുള്ള ആശയവിനിമയ പരിപാടികള്‍, സ്വച്ഛ് ഭാരത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ്നസ് ക്യാമ്പയ്നുകള്‍ തുടങ്ങിയ ചെറുപരിപാടികളും നടത്തും. തിരഞ്ഞെടുക്കപ്പെട്ട തീരദേശ ഗ്രാമങ്ങളില്‍ സൈക്ലിസ്റ്റുകള്‍ രാത്രികാലങ്ങളില്‍ തങ്ങി പ്രാദേശിക സമൂഹങ്ങളോട് ഐക്യദാര്‍ഢ്യവും നന്ദിയും ആദരവും പ്രകടിപ്പിക്കും. മത്സ്യത്തൊഴിലാളികളുമായും തീരദേശ സമൂഹങ്ങളുമായുമുള്ള ഇടപെടലുകള്‍ക്ക് പുറമെ, മയക്കുമരുന്ന് ദുരുപയോഗത്തിനും മനുഷ്യക്കടത്തിനുമെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും പ്രത്യേക മുന്‍ഗണന നൽകും. പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, എൻ.സി.സി കേഡറ്റുകള്‍, പ്രാദേശിക പങ്കാളികള്‍ എന്നിവരെ ഒരേ വേദിയില്‍ കൊണ്ടുവന്ന് ദേശീയ സേവനത്തിന്റേയും സുരക്ഷാ ബോധവല്‍ക്കരണത്തിന്റേയും ഭാഗമാക്കാനാണ് ഈ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ദുര്‍ബലമായ തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജാഗ്രതയുടേയും തയ്യാറെടുപ്പുകളുടേയും പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, സൈക്ലോത്തോണ്‍ രാജ്യവ്യാപക ശ്രദ്ധ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൊച്ചി എയര്‍പോര്‍ട്ട് സീനിയര്‍ കമാന്‍ഡന്റ് നാഗേന്ദ്ര ദേവ്രാരി, കൊച്ചി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സീനിയര്‍ കമാന്‍ഡന്റ് അനൂപ് സിന്‍ഹ, ഡെപ്യൂട്ടി കമാന്‍ഡന്റ് രാംദാസ് എം, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചിയുടേയും ഓള്‍ ഇന്ത്യ റേഡിയോ കൊച്ചിയുടേയും ഡയറക്ടര്‍ ധന്യ സനല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു..
*സുരക്ഷാ ബോധവൽക്കരണവും ലക്ഷ്യം
മയക്കുമരുന്ന്, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് പോലുള്ള ഭീഷണികളെക്കുറിച്ച് തീരദേശ സമൂഹങ്ങളെ ബോധവല്‍ക്കരിക്കുകയും ജാഗ്രത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് കോസ്റ്റല്‍ സൈക്ലോത്തോണ്‍-2026 പ്രധാനമായും ലക്ഷ്യമിടുന്നത്. ശക്തമായ ഒരു തീരദേശ സുരക്ഷാ ശൃംഖലയ്ക്കായി തീരദേശ സമൂഹങ്ങളും സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ സംരംഭം ഊന്നല്‍ നൽകുന്നു. സ്വാതന്ത്ര്യസമര സേനാനികള്‍, രക്തസാക്ഷികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടേയും അവരുടെ കുടുംബങ്ങളുടേയും ത്യാഗങ്ങളെ ആദരിച്ചുകൊണ്ട് വന്ദേ മാതരത്തിന്റെ ആവേശം ജനങ്ങളില്‍ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകം, പാരമ്പര്യം, ചരിത്രം, ഭൂമിശാസ്ത്രം എന്നിവ ആഘോഷിക്കുന്നതിനോടൊപ്പം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശ സമൂഹങ്ങളുടെ വിലമതിക്കാനാകാത്ത സംഭാവനകളെ ഈ പര്യവേഷണം ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ, യുവജനങ്ങള്‍ക്കും തീരദേശ സമൂഹങ്ങള്‍ക്കുമിടയില്‍ കായികക്ഷമതയും അച്ചടക്കവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം മുന്‍കൈ എടുക്കുന്നു.







