
സിഐഎസ്എഫ് ഉദ്യോഗസ്ഥ പ്രണയംനടിച്ച് വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ അഭിഷേക് സിങിനെ(40) ആണ് മംഗലൂരുവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മോണിക്ക സിഹാഗ് ആണ് ഉത്തരവാദിയെന്നാരോപിച്ച് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്.
വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് യുവതി. ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് ഇവർ താനുമായി ബന്ധത്തിലേർപ്പെട്ടുവെന്നാണ് ഇയാളുടെ ആരോപണം. പ്രണയം നടിച്ച് തന്നെ മാനസികമായും ശാരീരികമായും സാമ്പത്തികമായി യുവതി ചൂഷണംചെയ്തതായി വീഡിയോയിൽ പറയുന്നു. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തന്നിൽ നിന്ന് തട്ടിയെടുത്തു. ഒന്നിലധികം ആളുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അഭിഷേക് വീഡിയോയിൽ ആരോപിക്കുന്നു.
ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് അഭിഷേക് ജോലി ചെയ്യുന്നത്. ഒരു എക്സിബിഷനിൽ പങ്കെടുക്കുന്നതിനാണ് മംഗളൂരുവിൽ എത്തിയത്. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











