
അഹമ്മദാബാദ്: തട്ടിപ്പുകാർ പ്രയോഗിച്ച അതേ ‘ഡിജിറ്റൽ അറസ്റ്റ്’ തന്ത്രം തിരിച്ചുപയോഗിച്ച് വൻ സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ ഗുജറാത്ത് സി.ഐ.ഡി. പിടികൂടി. 1,071.5 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയ കേസിൽ അസം ബാർപേട്ട സ്വദേശിയായ റഫീഖുൽ ആലമാണ് അറസ്റ്റിലായത്. ഗുജറാത്ത് സി.ഐ.ഡിയുടെ സൈബർ സെന്റർ ഓഫ് എക്സലൻസ് (സി.സി.ഒ.ഇ.) ആണ് തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയിലേക്കെത്തിയത്.
ഓഗസ്റ്റ് ഒമ്പതിനാണ് അഹമ്മദാബാദിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ താൻ ‘ഡിജിറ്റൽ അറസ്റ്റിലാണെന്ന്’ അറിയിച്ച് സി.സി.ഒ.ഇയെ സമീപിച്ചത്. നാസിക് പൊലീസാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെന്നാരോപിച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ദിവസവും മൂന്നും നാലും മണിക്കൂർ വരെ ഫോണിൽ തുടരാൻ നിർബന്ധിച്ച സംഘം സുപ്രീംകോടതിയുടെ പേരിലുള്ള വ്യാജ സമൻസുകളും അയച്ചു.
ഭയന്ന ഇയാൾ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. 20 ലക്ഷം രൂപ തട്ടിപ്പുകാർക്ക് കൈമാറാനിരിക്കെയാണ് സി.ഐ.ഡി. സംഘത്തിന്റെ സഹായം തേടിയത്.
തുടർന്ന്, താൻ ഇപ്പോഴും ഡിജിറ്റൽ അറസ്റ്റിലാണെന്ന രീതിയിൽ തട്ടിപ്പുകാരോട് പെരുമാറാൻ ഉദ്യോഗസ്ഥർ ഇയാളോട് നിർദേശിച്ചു. പണം നൽകാമെന്ന് അറിയിച്ചതോടെ തട്ടിപ്പുകാർ ഒരു ബാങ്ക് അക്കൗണ്ട് നമ്പർ കൈമാറി. അക്കൗണ്ട് പരിശോധിക്കുന്നതിനായി സി.ഐ.ഡി. ആദ്യം 200 രൂപ ഇതിലേക്ക് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് അസമിലെ സാഞ്ചുക സ്വദേശിയായ റഫീഖുൽ ആലത്തിലേക്ക് എത്തിയത്.
ഓഗസ്റ്റ് 16ന് അസമിലെത്തിയ സി.ഐ.ഡി. സംഘം റഫീഖുൽ ആലത്തെ കസ്റ്റഡിയിലെടുത്ത് ഗുജറാത്തിലെത്തിച്ചു.
നിരവധി സംസ്ഥാനങ്ങളിൽ ഇരകൾ
പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലെ ഇരകളിൽനിന്നായി ഏകദേശം 50 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പണം കൈമാറിയ എട്ട് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ അയച്ച് കൂടുതൽ തട്ടിപ്പ് നടക്കുന്നത് തടഞ്ഞു.
ജാംനഗർ, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലെയും നിരവധി പേർ പ്രതിയുടെ തട്ടിപ്പിനിരയായതായി അന്വേഷണത്തിൽ വ്യക്തമായി. സൂറത്തിലെ ഒരാൾ ഇതിനകം 10 ലക്ഷം രൂപ നൽകിയിരുന്നു. 20 ലക്ഷം രൂപ കൂടി നൽകുന്നതിനായി ഇയാൾ സ്വന്തം കട വിൽക്കുകയും ചെയ്തിരുന്നു.
ജാംനഗറിലെ മറ്റൊരു വ്യക്തി 9.5 ലക്ഷം രൂപ കൈമാറിയിരുന്നു. പത്തുലക്ഷം രൂപ കൂടി നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാൾ. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രം ഏകദേശം 1,000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് സി.സി.ഒ.ഇയുടെ കണ്ടെത്തൽ.
പണം ക്രിപ്റ്റോ വാലറ്റുകളിലേക്ക്
തട്ടിപ്പിലൂടെ ലഭിക്കുന്ന തുക പ്രതി സെക്കൻഡുകൾക്കുള്ളിൽ ഏകദേശം 3,000 രൂപ വീതമുള്ള ചെറുതുകകളാക്കി വിഭജിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ പണം 1,754 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയശേഷം ക്രിപ്റ്റോ കറൻസി വാലറ്റുകളിലേക്ക് മാറ്റുകയായിരുന്നു.
കാംബോഡിയ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘത്തിന്റെ ഫോൺ കോളുകൾ എത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ‘China Ma'am 4’ എന്ന പേരിൽ സേവ് ചെയ്ത കോൺടാക്ട് നമ്പറുകളുമായി റഫീഖുൽ ആലം നിരന്തരം ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തി.
16 കോടി രൂപയുടെ ഇടപാടുകൾ നടന്ന 23 ക്രിപ്റ്റോ കറൻസി വാലറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം ചൈനയിലേക്ക് കൈമാറിയിരിക്കാമെന്നാണ് സി.സി.ഒ.ഇയുടെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.










