03:14am 07 August 2026
NEWS
ക്യൂബയിൽ ഭരണമാറ്റം ലക്ഷ്യം; പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് അമേരിക്കയുടെ ചാരസംഘടന
06/08/2026  02:40 PM IST
nila
 ക്യൂബയിൽ ഭരണമാറ്റം ലക്ഷ്യം; പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് അമേരിക്കയുടെ ചാരസംഘടന

വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മർദ്ദത്തിലാക്കി രാജ്യത്ത് ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് ക്യൂബയെ കേന്ദ്രീകരിച്ചുള്ള പുതിയ രഹസ്യ ദൗത്യസംഘം രൂപീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ചാരപ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ, ഇന്റലിജൻസ് അനലിസ്റ്റുകൾ, സൈബർ ഓപ്പറേഷൻ വിദഗ്ധർ, രഹസ്യ ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്‌സ് സജ്ജമാക്കിയിരിക്കുന്നത്. ക്യൂബൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത സൃഷ്ടിച്ച് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൈന, റഷ്യ, ഇറാൻ എന്നിവയ്‌ക്കൊപ്പം ക്യൂബയെയും അമേരിക്കയുടെ ‘പ്രയോറിറ്റി-1’ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇതിന്റെ ഭാഗമായി ഉപഗ്രഹ നിരീക്ഷണം, ദേശീയ സുരക്ഷാ ഏജൻസിയായ എൻ.എസ്.എ. ഉൾപ്പെടെയുള്ള ഏജൻസികളുടെ ഇന്റലിജൻസ് പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തിയതായും വിവരമുണ്ട്.

ക്യൂബൻ ഭരണനേതാക്കളുടെ സാമ്പത്തിക ഇടപാടുകളും രഹസ്യ ബിസിനസ് ബന്ധങ്ങളും കണ്ടെത്തി അവ പുറത്തുവിടുന്നതിലൂടെ ഭരണകൂടത്തിനെതിരായ ജനവികാരം വർധിപ്പിക്കാനാണ് സി.ഐ.എ. ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, ക്യൂബയുടെ സൈനിക ശേഷിയെക്കുറിച്ചുള്ള വിവരശേഖരണവും അമേരിക്ക ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

1960-ൽ രൂപീകരിച്ച സമാനമായ സി.ഐ.എ. ടാസ്‌ക് ഫോഴ്‌സാണ് പിന്നീട് ‘ബേ ഓഫ് പിഗ്സ്’ അധിനിവേശ ശ്രമത്തിന് നേതൃത്വം നൽകിയത്. എന്നാൽ ആ ദൗത്യം പരാജയപ്പെട്ടിരുന്നു. നിലവിലെ ദൗത്യം അതിൽനിന്ന് വ്യത്യസ്തമാണെന്നും ക്യൂബൻ പങ്കാളികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും മാരക സൈനിക നടപടികൾക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, അമേരിക്കയുടെ പുതിയ ടാസ്‌ക് ഫോഴ്‌സ് ക്യൂബൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ക്യൂബയുടെ ഉപ വിദേശകാര്യ മന്ത്രി കാർലോസ് ഫെർണാണ്ടസ് ഡി കോസിയോ ആരോപിച്ചു. ചാരവൃത്തിയിലൂടെയും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളിലൂടെയും ക്യൂബയുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img