
കൊച്ചി: അധികാരത്തിന്റെ ഹുങ്കിൽ ഒരു ഗർഭിണിയോട് കാട്ടിയ ക്രൂരത ഒടുവിൽ ക്യാമറക്കണ്ണുകൾ പുറത്തുവിട്ടു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, എറണാകുളം നോർത്ത് സ്റ്റേഷനിലെ മുൻ സി.ഐ കെ.ജി. പ്രതാപ്ചന്ദ്രന്റെ ക്രൂരമുഖം അനാവരണം ചെയ്യപ്പെട്ടതോടെ ആഭ്യന്തര വകുപ്പ് നടപടിയെടുത്തു. നിലവിൽ അരൂർ എസ്.എച്ച്.ഒ ആയ ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
ആ രാത്രിയിൽ സംഭവിച്ചത്
2024 ജൂൺ 18-ന് പുലർച്ചെയാണ് സംഭവങ്ങളുടെ തുടക്കം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം ടൂറിസ്റ്റ് ഹോം നടത്തുന്ന ബെൻജോ ബേബിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. തന്റെ സ്ഥാപനത്തിന് മുന്നിൽ കണ്ട രണ്ട് യുവാക്കളെ രക്ഷപ്പെടാൻ സഹായിച്ചു എന്നതായിരുന്നു കുറ്റം. ഇതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ വിവരമറിഞ്ഞ് ബെൻജോയുടെ ഭാര്യ ഷൈമോൾ സ്റ്റേഷനിലെത്തി.
തന്റെ ഇരട്ടകളായ കൈക്കുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്താണ് ആ 41-കാരി സ്റ്റേഷനിലെത്തിയത്. എന്നാൽ അവിടെ അവരെ കാത്തിരുന്നത് ഒരു ഉദ്യോഗസ്ഥന്റെ സംരക്ഷണമായിരുന്നില്ല, മറിച്ച് മർദ്ദനമായിരുന്നു. വാക്കേറ്റത്തിനിടയിൽ സി.ഐ പ്രതാപ്ചന്ദ്രൻ ഷൈമോളെ മാറിൽ പിടിച്ചുതള്ളുകയും കരണത്തടിക്കുകയും ചെയ്തു. ഗർഭിണിയാണെന്നോ കൈക്കുഞ്ഞുങ്ങളുണ്ടെന്നോ ഉള്ള പരിഗണന പോലും നൽകാതെയായിരുന്നു ഈ പരാക്രമം.
കള്ളക്കഥകളുടെ മറുപുറം
ആക്രമണം നടത്തിയ ശേഷം അത് മറച്ചുപിടിക്കാൻ നാടകീയമായ നീക്കങ്ങളാണ് പോലീസ് നടത്തിയത്. ഷൈമോൾക്കെതിരെ കള്ളക്കേസെടുത്തു. സ്വന്തം കുഞ്ഞുങ്ങളെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്നും, സ്റ്റേഷനിലെ വാതിൽ തകർത്തെന്നുമായിരുന്നു എഫ്.ഐ.ആർ. യുവതിയുടെ മർദ്ദനമേറ്റ് സി.ഐ ആശുപത്രിയിൽ ചികിത്സ തേടിയെന്ന തരത്തിൽ മറ്റൊരു കഥയും അവർ ചമച്ചു. തൃശൂർ സ്വദേശിയായ ഈ കുടുംബത്തെ സമൂഹത്തിന് മുന്നിൽ കുറ്റക്കാരായി ചിത്രീകരിക്കാൻ പോലീസ് സംവിധാനം മുഴുവൻ കിണഞ്ഞു പരിശ്രമിച്ചു.
ഹൈക്കോടതി ഇടപെടലും സത്യത്തിന്റെ വിജയവും
പോലീസിന്റെ കള്ളക്കഥകൾ വിശ്വസിച്ച നാട്ടുകാർക്ക് മുന്നിൽ തകർന്നുപോയ ഷൈമോളും ബെൻജോയും നീതിക്കായി കോടതിയെ സമീപിച്ചു. വിവരവകാശ പ്രകാരം ദൃശ്യങ്ങൾ നൽകാൻ പോലീസ് വിസമ്മതിച്ചതോടെയാണ് അഡ്വ. ആളൂർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത്. ദൃശ്യങ്ങൾ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയ്ക്കിടെ, ഹൈക്കോടതിയുടെ കർശന ഉത്തരവിലൂടെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ 17-ന് ലഭിച്ച ആ ദൃശ്യങ്ങളിൽ കണ്ടത് പോലീസ് പറഞ്ഞ കഥകളല്ല, മറിച്ച് സി.ഐ നടത്തിയ ക്രൂരമായ ആക്രമണമായിരുന്നു. ദൃശ്യങ്ങൾ കാട്ടുതീ പോലെ പടർന്നതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡി.ജി.പി നടപടിയെടുക്കാൻ ഉത്തരവിട്ടു.
"മാനസികമായി തകർന്നുപോയ നാളുകളായിരുന്നു അത്. ഞങ്ങൾ പറഞ്ഞത് കള്ളമാണെന്ന് വിശ്വസിച്ചവർക്ക് മുന്നിൽ സത്യാവസ്ഥ തെളിയിക്കാൻ കഴിഞ്ഞു." - ഷൈമോൾ
അധികാരത്തിന്റെ കരുത്തിൽ നീതിയെ അടിച്ചമർത്താൻ ശ്രമിച്ചവർക്ക് ഹൈക്കോടതിയുടെ ഇടപെടലും ഈ സസ്പെൻഷനും ഒരു താക്കീതാവുകയാണ്. സംഭവത്തിൽ യുവതിക്ക് നേരിട്ട മാനഹാനിക്കും പീഡനത്തിനുമെതിരായ നഷ്ടപരിഹാര ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.











