12:21pm 13 November 2026
NEWS
​സി.ഐ അഭിലാഷിന്റെ പിരിച്ചുവിടൽ നോട്ടീസ് ഒഴിവാക്കി; ലൈംഗിക പീഡനക്കേസിലെ വീഴ്ചയും ഗുണ്ടാബന്ധവും നടപടിയെടുത്തില്ല
25/10/2025  09:11 AM IST
സുരേഷ് വണ്ടന്നൂർ
​സി.ഐ അഭിലാഷിന്റെ പിരിച്ചുവിടൽ നോട്ടീസ് ഒഴിവാക്കി; ലൈംഗിക പീഡനക്കേസിലെ വീഴ്ചയും ഗുണ്ടാബന്ധവും നടപടിയെടുത്തില്ല

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ചെന്ന ആരോപണം നേരിടുന്ന സി.ഐ അഭിലാഷ് ഡേവിഡിന് 2023 ജനുവരിയിൽ അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നുവെന്ന വിവരം പുറത്തുവന്നു. ശ്രീകാര്യം സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതിനായിരുന്നു ഈ കടുത്ത നടപടി.
​എന്നാൽ, നോട്ടീസ് നൽകി 15 ദിവസത്തിനകം മറുപടി നൽകാൻ സമയം അനുവദിച്ചെങ്കിലും, തുടർനടപടികൾ മന്ദഗതിയിലാവുകയും വൈകാതെ പിരിച്ചുവിടൽ നോട്ടീസ് ഒഴിവാക്കുകയും ചെയ്തു.

​ഗുരുതര വീഴ്ചകൾ

​ശ്രീകാര്യം സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗീകപീഡന കേസിന്റെ ഗൗരവം കണക്കിലെടുക്കാതെയും, ഇരയെ വൈദ്യപരിശോധന നടത്തുകയോ മൊഴിയെടുക്കുകയോ ചെയ്യാതെയും തന്റെ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി അഭിലാഷ് കേസ് പാരിപ്പള്ളി സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. അന്നത്തെ കൊല്ലം ജില്ലാ പൊലീസ് മേധാവി ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഡി.സി.ആർ.ബി ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു.
​ഗുരുതരമായ കൃത്യവിലോപം, വീഴ്ച, ജാഗ്രതയില്ലായ്മ എന്നിവയുണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും, മുൻപ് ലഭിച്ച ശിക്ഷകൾകൂടി കണക്കിലെടുത്താണ് കമ്മിഷണർ സർവീസിൽ നിന്ന് നീക്കാൻ നോട്ടീസ് നൽകുകയും ചെയ്തത്.

​ട്രൈബ്യൂണലിൽ നടപടി മരവിപ്പിച്ചു

​പിരിച്ചുവിടൽ നോട്ടീസിനെതിരെ സി.ഐ അഭിലാഷ് ഡേവിഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടികളൊഴിവാക്കുകയായിരുന്നു. ഐ.ജിക്ക് തന്നെ പിരിച്ചുവിടാൻ അധികാരമില്ലെന്നായിരുന്നു ട്രൈബ്യൂണലിൽ അദ്ദേഹത്തിന്റെ പ്രധാന വാദം. തുടർന്ന് സർക്കാരിനും ഡി.ജി.പിക്കും അപ്പീൽ നൽകി.
​ഗുണ്ടാ, റിയൽഎസ്റ്റേറ്റ് മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സേനയുടെ പ്രതിച്ഛായ നശിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അഭിലാഷിനെ ഡി.ജി.പി സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു കമ്മിഷണറുടെ നടപടി.
​പിന്നാലെ, ഒരു ശമ്പള വർദ്ധനവ് തടഞ്ഞുകൊണ്ട് പിരിച്ചുവിടൽ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തു നിയമിക്കണമെന്ന വ്യവസ്ഥയോടെയാണ് പിരിച്ചുവിടൽ നോട്ടിസ് ഒഴിവാക്കിയതെന്നാണ് സൂചന. കോഴിക്കോട് റൂറലിൽ കൺട്രോൾ റൂമിൽ നിയമിതനായ അഭിലാഷ് അധികം വൈകാതെ തന്നെ ക്രമസമാധാന ചുമതലയിൽ തിരിച്ചെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img