
കോഴിക്കോട്: പള്ളി വളപ്പിൽ ആറുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊഴിഞ്ഞാംപാറ സ്വദേശിനി ഫ്രാങ്കോ(25)യാണ് ഭ്രൂണം ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള തീർത്ഥാടക സംഘത്തിന്റെ ബസിനുള്ളിലാണ് പ്രസവം നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് പള്ളിക്ക് സമീപം നിർത്തിയ ശേഷം ജനിച്ച ആൺകുഞ്ഞിനെ അവിടെ ഉപേക്ഷിച്ചുവെന്നുമാണ് യുവതിയുടെ മൊഴി. ഭയന്നതിനാലാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന യുവതിയുടെ മൊഴി പൊലീസിനെ തൃപ്തിപ്പെടുത്തുന്നില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ തിരിച്ചറിഞ്ഞത്. വിവാഹിതയായ ഇവർക്ക് ഒരു കുഞ്ഞുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കുടുംബപശ്ചാത്തലവും മറ്റ് വിവരങ്ങളും ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.











